ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം തുടരുന്നതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഭീമമായ ട്രാൻസിറ്റ് ഫീ ഏർപ്പെടുത്തി ഇറാൻ (Strait of Hormuz $2 Million Transit Fee). ചില പ്രത്യേക കപ്പലുകളിൽ നിന്ന് 20 ലക്ഷം ഡോളർ (ഏകദേശം 18.8 കോടി രൂപ) വീതം ഈടാക്കാനാണ് ഇറാന്റെ തീരുമാനം. യുദ്ധത്തിന് വലിയ ചിലവുകൾ ഉള്ളതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഇറാനിയൻ പാർലമെന്റ് അംഗം അലാവുദ്ദീൻ ബൊറൂജെർദി വ്യക്തമാക്കി.
പതിറ്റാണ്ടുകൾക്ക് ശേഷം ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പരമാധികാരം ഉറപ്പിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. നിലവിൽ ഇറാന്റെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്കൊഴികെ മറ്റെല്ലാവർക്കും പാത തുറന്നു കൊടുത്തിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ അമേരിക്കൻ ഭീഷണി തുടർന്നാൽ പാത പൂർണ്ണമായും അടയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണ്ടാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ഇസ്രായേലിന്റെ ഊർജ്ജ ശൃംഖലകൾ തകർക്കാൻ ഇറാന് വെറും ഒരു ദിവസം മതിയെന്ന് ബൊറൂജെർദി തിരിച്ചടിച്ചു. തങ്ങളുടെ മണ്ണിൽ കടന്നുകയറാൻ ശ്രമിക്കുന്നവർക്ക് മാത്രമേ ഹോർമുസ് പാത അടച്ചിട്ടിട്ടുള്ളൂ എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഇറാനെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും ഭീഷണികൾ തങ്ങളെ കൂടുതൽ ഒന്നിപ്പിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭയന്ന് നിലവിൽ ടാങ്കർ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായേക്കും
Summary
Iran has started charging certain vessels a $2 million transit fee to pass through the Strait of Hormuz, citing the “costs of war.” Following US President Donald Trump’s threat to strike Iranian power plants if the waterway isn’t fully reopened, Tehran asserted its sovereignty over the passage. President Masoud Pezeshkian clarified that the strait remains open to all except those violating Iranian soil.

