പോർട്ടോ: വിമാനം മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റിന് പെട്ടെന്ന് ഹൃദയാഘാതം. നിയന്ത്രണം നഷ്ടമായി വിമാനം താഴേക്ക് കൂപ്പുകുത്തിയെങ്കിലും ഫസ്റ്റ് ഓഫീസറുടെ കൃത്യമായ ഇടപെടലിൽ 220 യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. സ്പെയിനിലെ ടെനറൈഫിൽ നിന്നും ബ്രിട്ടനിലെ ബെർമിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന ‘ജെറ്റ് 2’ (Jet2) വിമാനത്തിലാണ് നാടകീയമായ അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത്.(Pilot Suffers Heart Attack At 30000 Feet Co Pilot Makes Heroic Emergency Landing In Portugal)
വെള്ളിയാഴ്ച പുലർച്ചെ 2.15ഓടെ പോർച്ചുഗലിലെ പോർട്ടോ വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. ടെനറൈഫിൽ നിന്ന് 220 യാത്രക്കാരുമായി പറന്നുയർന്ന ‘എൽ എസ് 1266’ എന്ന വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
ആകാശച്ചുഴിയിലെന്ന വണ്ണം വിമാനം പെട്ടെന്ന് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോ-പൈലറ്റ് കൂടിയായ ഫസ്റ്റ് ഓഫീസർ ക്യാപ്റ്റന്റെ സീറ്റിലേക്ക് നോക്കുന്നത്. അപ്പോഴേക്കും ക്യാപ്റ്റൻ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട് അബോധാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ ഫസ്റ്റ് ഓഫീസർ ഉടൻ തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും എയർ ട്രാഫിക് കൺട്രോളിലേക്ക് അടിയന്തര അപകട സൂചനയായ ‘മെയ് ഡേ’ സന്ദേശം അയക്കുകയുമായിരുന്നു. തൊട്ടടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാനുള്ള അനുമതിയും അദ്ദേഹം തേടി.
ഫസ്റ്റ് ഓഫീസറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം പോർച്ചുഗലിലെ പോർട്ടോ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. റൺവേയിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ മുൻകൂട്ടി സജ്ജമായിരുന്ന മെഡിക്കൽ സംഘം വിമാനത്തിനുള്ളിലേക്ക് കയറി പൈലറ്റിന് അടിയന്തര പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 220 യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും ജെറ്റ് 2 വിമാനക്കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
Story Summary
A Jet2 flight carrying 220 passengers from Spain to the UK made a dramatic emergency landing in Portugal after the captain suffered a heart attack at 30,000 feet. The First Officer noticed the plane suddenly plunging, quickly took control of the aircraft, and issued a ‘Mayday’ signal to land safely at Porto Airport. The captain was rushed to a nearby hospital upon landing, and all passengers aboard are reported to be safe.

