ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ മുരിദ്കെയിലെ ലഷ്കർ ആസ്ഥാനത്തിന് സമീപമാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ബിലാൽ കുത്തിയും വെടിയേറ്റുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഉൾപ്പെട്ടവരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന.(Lashkar Commander Bilal Arif Salafi Shot and Stabbed Dead After Eid Prayers)
ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ബിലാൽ ആരിഫ്. മുരിദ്കെ കേന്ദ്രീകരിച്ച് യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പരിശീലനം നൽകുന്നതിനും ഇയാൾ നേതൃത്വം നൽകിയിരുന്നു.
യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതിലും സംഘടനയുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നതിലും ഇയാൾ പ്രധാനിയായിരുന്നു. വർഷങ്ങളോളം ഭീകരതയെ അയൽരാജ്യങ്ങൾക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ച പാകിസ്ഥാൻ ഇന്ന് അതിന്റെ തന്നെ ഇരയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാകിസ്ഥാൻ മാറിയെന്ന് ഈ വർഷത്തെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2025-ൽ മാത്രം പാകിസ്ഥാനിൽ ആയിരത്തിലധികം ഭീകരാക്രമണങ്ങളിലായി 1,139 പേർ കൊല്ലപ്പെട്ടു. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങൾ ഭീകരവാദത്തെ ഫലപ്രദമായി നേരിടുമ്പോൾ, പാകിസ്ഥാനിൽ ‘തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ’ ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ തളർത്തുകയാണ്. ഭീകരവാദത്തോടുള്ള ഇരട്ടത്താപ്പ് നയം പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

