തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത. വൈകുന്നേരം 7 മണിക്ക് ശേഷമുള്ള പീക്ക് സമയങ്ങളിലായിരിക്കും (Peak Hours) കെ.എസ്.ഇ.ബി പ്രാദേശികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസമാണ് ഇത്തരത്തിൽ അപ്രതീക്ഷിത പവർകട്ട് ഉണ്ടാകുന്നത്.
അതേസമയം, നിലവിലെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താല്കാലിക പരിഹാരം കാണുന്നതിനായി സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷൻ നാളെ അടിയന്തര യോഗം ചേരും. പീക്ക് സമയങ്ങളിലെ കടുത്ത ഉപയോഗം മുൻകൂട്ടി കണ്ട് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) യൂണിറ്റിന് 3.93 രൂപ നിരക്കിൽ കേരളത്തിന് വൈദ്യുതി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ തന്നെ ഈ വൈദ്യുതി ലഭ്യമാകുന്ന തരത്തിൽ 200 മെഗാവാട്ടിന്റെ ഈ കരാർ അതിവേഗം ഉറപ്പിക്കാനാണ് കമ്മീഷൻ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന് പുറമെ എൻ.ടി.പി.സിയിൽ (NTPC) നിന്ന് മറ്റൊരു 200 മെഗാവാട്ട് വൈദ്യുതി കൂടി അടിയന്തരമായി വാങ്ങാൻ കെ.എസ്.ഇ.ബി സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പല ഭാഗങ്ങളിലും പലതവണയായി ഒന്നര മണിക്കൂർ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും സംസ്ഥാനത്ത് രേഖപ്പെടുത്തി; 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം മലയാളികൾ ഉപയോഗിച്ചത്.
മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് പെട്ടെന്ന് ഉപഭോഗം വർദ്ധിക്കാൻ കാരണമായത്. നിലവിൽ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ടിന്റെ പെട്ടെന്നുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് മാത്രമായിരുന്ന സ്ഥാനത്ത്, ഈ വർഷം അത് 4600-4800 മെഗാവാട്ടായി കുതിച്ചുയർന്നു. എന്നാൽ കെ.എസ്.ഇ.ബിയുടെ പ്രധാന ഡാമുകളിൽ നിലവിൽ വെറും 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
വരാനിരിക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം കണക്കിലെടുത്ത് ഞായറാഴ്ച സംസ്ഥാനത്ത് കളി തടസ്സപ്പെടാതിരിക്കാൻ പവർ എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന വിലയ്ക്ക് അധികം വൈദ്യുതി വാങ്ങാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതിനാൽ പീക്ക് സമയങ്ങളിൽ എസിയും വാഷിംഗ് മെഷീനും ഉൾപ്പെടെയുള്ള ഉയർന്ന പവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാറ്റിവെച്ച് ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി അഭ്യർത്ഥിച്ചു.
Story Summary: Kerala is likely to face power restrictions for the fifth consecutive day after 7 PM due to a shortage in the power exchange. The State Electricity Regulatory Commission will hold an emergency meeting tomorrow to finalize a 200 MW deal with SECI at ₹3.93 per unit. KSEB has also sought permission to buy another 200 MW from NTPC. Yesterday, the state recorded its highest consumption for the month at 91.78 million units. Electricity Minister K. Krishnankutty stated that dams have only 28% water, and the government is trying to buy additional power for Sunday to ensure uninterrupted streaming of the World Cup final.


