മസ്‌കത്ത്: ഒമാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. (Flash floods in Oman, Another Malayali loses his life)
നേരത്തെ പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവർ മരിച്ചിരുന്നു. മഴക്കെടുതിയിൽ ഒമാനിൽ ഇതുവരെ ആകെ നാല് പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വാദി ബാനി ഖാലിദിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ അകപ്പെട്ടാണ് മഹേഷ് കുമാർ അപകടത്തിൽപ്പെട്ടത്. നിലവിൽ ഇബ്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങൾ ഒന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽ പ്രളയത്തിൽ അകപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേരിൽ നാല് കുട്ടികളടക്കം ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അപകടത്തിൽ മരിച്ച യൂസഫ്, ഷംല എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. എന്നാൽ വാഹനത്തിലുണ്ടായിരുന്ന യൂസഫിന്റെ മാതാവ് റംലയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

