ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്നു വീണ് 66 പേർ കൊല്ലപ്പെട്ടു. 128 യാത്രക്കാരുമായി പോയ ലോക്ഹീഡ് മാർട്ടിൻ സി-130 ഹെർക്കുലീസ് (Lockheed Martin C-130 Hercules) വിമാനമാണ് അപകടത്തിൽപ്പെട്ടത് (Colombia Plane Crash). പെറു അതിർത്തിക്കടുത്തുള്ള പുർട്ടോ ലെഗുസാമോയിൽ നിന്നാണ് വിമാനം പറന്നുയർന്നത്. അപകടത്തിൽപ്പെട്ട 57 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.
റൺവേയുടെ അവസാന ഭാഗത്ത് വെച്ച് വിമാനം ഇടിച്ചതായും പിന്നീട് ഒരു മരത്തിൽ തട്ടി തകർന്നു വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിമാനം തകർന്ന ഉടൻ തീപിടിക്കുകയും വിമാനത്തിനുള്ളിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്നവരിൽ 115 സൈനികരും 11 വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വിദൂര മേഖലയായതിനാൽ രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപ് നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തത്.
പഴഞ്ചൻ സൈനിക വിമാനങ്ങൾ മാറ്റുന്നതിലെ കാലതാമസമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ വിമർശിച്ചു. 1960-കളിൽ നിർമ്മിച്ച വിമാനങ്ങളാണ് കൊളംബിയ ഇപ്പോഴും ഉപയോഗിക്കുന്നത്. ഫെബ്രുവരി അവസാനം ബൊളീവിയയിലും സമാനമായ ഹെർക്കുലീസ് വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടിരുന്നു. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായി ഈ വിമാനാപകടം മാറിയിരിക്കുകയാണ്.
Summary
A Colombian military Lockheed C-130 Hercules transport plane crashed during takeoff in Puerto Leguizamo, killing at least 66 people. Out of the 128 people on board, 57 survived with injuries, while four remain missing. The plane caught fire and exploded upon impact. President Gustavo Petro blamed bureaucratic delays in modernizing the aging military fleet for the tragedy. This follows a similar C-130 crash in Bolivia last month.

