ചൈന: ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്ന ഒരു വൃദ്ധൻ തന്റെ പ്രിയപ്പെട്ട പൂച്ചയെ സുരക്ഷിതമായി ഏൽപ്പിക്കാൻ നടത്തിയ വൈകാരികമായ ശ്രമം ചൈനയിൽ ചർച്ചയാകുന്നു (China Elderly Man Abandons Cat Note Cash). തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഒരു പെറ്റ് ഷോപ്പിന് മുന്നിലാണ് പൂച്ചയെയും ഭക്ഷണപ്പൊതികളെയും പണത്തെയും ഒരു കത്തും കണ്ടെത്തിയത്. തനിക്ക് ഇനി പൂച്ചയെ നോക്കാൻ കഴിയില്ലെന്ന വേദനയോടെ എഴുതിയ ആ കുറിപ്പ് പെറ്റ് ഷോപ്പ് ഉടമയുടെയും നാട്ടുകാരുടെയും കണ്ണുനിറച്ചു.
ചുക്സിയോംഗിൽ പെറ്റ് ഷോപ്പ് നടത്തുന്ന സൺ എന്ന യുവതിയാണ് മാർച്ച് 7-ന് കടയ്ക്ക് മുന്നിൽ ഒരു ഗ്രേ കളർ പെറ്റ് കാരിയർ കണ്ടത്. ഉള്ളിൽ നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ട് തുറന്നു നോക്കിയ സൺ കണ്ടത് ഒരു ടാബി പൂച്ചയെയും കുറച്ച് ഭക്ഷണപ്പൊതികളുമാണ്. ഉത്തരവാദിത്തമില്ലാത്ത ആരോ പൂച്ചയെ ഉപേക്ഷിച്ചതാണെന്ന് കരുതി ആദ്യം രോഷം തോന്നിയെങ്കിലും, കാരിയറിനുള്ളിൽ ഒളിപ്പിച്ചുവെച്ച പിങ്ക് നിറത്തിലുള്ള കുറിപ്പും പണവും കണ്ടതോടെ സണിന്റെ കണ്ണ് നിറഞ്ഞു.
പൂച്ചയുടെ പേര് ‘ലൈബാവോ’ എന്നാണെന്നും അതിന് നാല് വയസ്സുണ്ടെന്നും കുറിപ്പിൽ പറയുന്നു. “നാളെ എനിക്ക് ഒരു ശസ്ത്രക്രിയയുണ്ട്, ഇനി എനിക്ക് ഇതിനെ നോക്കാൻ കഴിയില്ല. ദയവുള്ള ആരെങ്കിലും ഇതിനെ ദത്തെടുക്കണം” എന്നായിരുന്നു കുറിപ്പിലെ സന്ദേശം. കൂടെയുണ്ടായിരുന്ന പണം ഒരു നന്ദിസൂചകമായി കരുതണമെന്നും അതിൽ എഴുതിയിരുന്നു. വൃത്തിയായി ചീകിയൊതുക്കിയ രോമങ്ങളും ആരോഗ്യവതിയുമായ ലൈബാവോയെ കണ്ടാൽ തന്നെ ഉടമ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാം.
സൺ ഉടൻ തന്നെ ലൈബാവോയെ തന്റെ വീട്ടിലേക്ക് കൂട്ടി. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അവൾ പൂർണ്ണ ആരോഗ്യവതിയാണെന്ന് തെളിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പൂച്ചയെ ആരാണ് അവിടെ വെച്ചതെന്ന് കണ്ടെത്താനായില്ല. പ്രദേശത്തെ ആശുപത്രികളിൽ സൺ അന്വേഷണം നടത്തിയെങ്കിലും ഉടമയെക്കുറിച്ച് വിവരം ലഭിച്ചില്ല.
ഒടുവിൽ സൺ ലൈബാവോയുടെ ചിത്രം ഷോപ്പിന് മുന്നിൽ പ്രദർശിപ്പിച്ചു. “ലൈബാവോ സുരക്ഷിതയാണ്, അവൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്” എന്ന സന്ദേശവും സൺ അതിനൊപ്പം ചേർത്തു. ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്താൽ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും വന്ന് ലൈബാവോയെ കാണാമെന്നും സൺ അറിയിച്ചു.

