ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പൽ ഗതാഗതത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ (Iran Warning Middle East Ports). തങ്ങളുടെ തുറമുഖങ്ങളുടെ സുരക്ഷ ഭീഷണിയിലായാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ഒരു തുറമുഖത്തിനും സുരക്ഷയുണ്ടാകില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.
“സുരക്ഷ ഒന്നുകിൽ എല്ലാവർക്കും അല്ലെങ്കിൽ ആർക്കുമില്ല” എന്നതാണ് ഇറാന്റെ നയം. ശത്രുരാജ്യങ്ങളുമായി ബന്ധപ്പെട്ട ഒരു കപ്പലിനെയും ഈ കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി അറിയിച്ചു. അമേരിക്കയുടെ ഉപരോധം കടൽക്കൊള്ളയ്ക്ക് തുല്യമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു. യുദ്ധം അവസാനിച്ചാലും ഹോർമുസ് കടലിടുക്കിൽ സ്ഥിരമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇറാനെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന അമേരിക്കയുടെ കർശന നിബന്ധന ഇറാൻ തള്ളിയതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഇതേത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 5.30 മുതൽ (ഇറാൻ സമയം) പ്രാബല്യത്തിൽ വന്ന ഈ ഉപരോധത്തിലൂടെ, ഇറാനിലേക്കും അവിടെ നിന്നുമുള്ള എല്ലാ കപ്പൽ ഗതാഗതവും തടഞ്ഞ് രാജ്യത്തിന്റെ എണ്ണ കയറ്റുമതി പൂർണ്ണമായും നിർത്തലാക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലവിൽ പകുതിയിലധികം കുറഞ്ഞിരിക്കുകയാണ്. യുദ്ധത്തിന് മുൻപ് പ്രതിദിനം 135 കപ്പലുകൾ വരെ കടന്നുപോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 40-ൽ താഴെ കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഉപരോധം ശക്തമാകുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Summary: Iran has issued a chilling warning stating that “no port in the Gulf and the Sea of Oman will be safe” following U.S. President Donald Trump’s blockade on Iranian maritime traffic. The IRGC declared that if Iran’s security is compromised, Middle Eastern ports will face consequences, asserting that maritime safety is “for everyone or for no one.” The U.S. blockade, starting Monday, aims to curb Iran’s oil exports following failed ceasefire talks in Pakistan. This escalation marks a major showdown in the Strait of Hormuz, threatening global oil supplies.

