തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം അതീവ ജാഗ്രതയുടെ ഭാഗമായി ആറ് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടും അഞ്ച് സ്ഥലങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Heatwave in Kerala, UV rays are extremely intense )
കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. കളമശ്ശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്. തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകാം. സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, പ്രതിരോധശേഷി കുറയുക എന്നിവ ഉണ്ടാകാം.
പകൽ 10 മണി മുതൽ 3 മണി വരെ യുവി സൂചിക ഏറ്റവും ഉയർന്ന നിലയിലായിരിക്കും. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം പൂർണ്ണമായി മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾ, പുറംജോലി ചെയ്യുന്നവർ, ബൈക്ക് യാത്രക്കാർ, ചർമ്മ-നേത്ര രോഗമുള്ളവർ എന്നിവർ അതീവ ജാഗ്രത പുലർത്തണം. യാത്രയ്ക്കിടയിലും ജോലിസ്ഥലത്തും കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

