തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ ചൂട് കൂടുതൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Extreme heat continues in Kerala, Yellow alert in 10 districts)
പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെ ഉയർന്നേക്കാം. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ താപനില 36°C വരെ വർദ്ധിച്ചേക്കാം.
ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളിൽ കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമായേക്കാം.
ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, നിർജ്ജലീകരണം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിലുള്ള കഠിനമായ ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

