ഒരു ചെറിയ യാത്ര… വഴിയിൽ എവിടെയോ മറന്നു വീണ കളഞ്ഞുപോയ സ്വപ്നങ്ങൾ എല്ലാം തപ്പിയെടുത്ത്, നോവുന്ന ഹൃദയവും ചിരിക്കുന്ന മുഖവുമായി ഒരു യാത്ര… ഞാൻ ഒറ്റക്കല്ല യാത്ര പോകുന്നത്. കൂടെ ആരോ ഉണ്ട്…
അവൾ വന്നു മൗനങ്ങൾക്ക് വിട കൊടുത്തുകൊണ്ട് എന്റെ അരികിലേക്ക്…
അവളുടെ കണ്ണുക്കളിലെ സന്തോഷം വാടി തളർന്ന പൂവു പോലെയിരുന്ന എനിക്ക് ഊർജ്ജം നൽകി. കാലം അവളിൽ ഒരുപാട് മാറ്റം വരുത്തിയിരിക്കുന്നു. നര വീണ മുടികളും ചുളിവുകൾ വീണ് തുടങ്ങിയ കവിൾത്തടവും ഒരു മാറ്റവും ഇല്ലാത്ത പുഞ്ചിരിയും. കാലങ്ങളോളം ഞാൻ മറക്കാൻ ശ്രമിക്കുന്ന ആ ചിരി… മറക്കാൻ ശ്രമിക്കുന്തോറും ആഴങ്ങളിലേക്ക് വഴുതിവീണു ഞാനും ആ ചിരിയോടൊപ്പം. പണ്ട് ആരോ എഴുതിയ വരികൾ ഓർത്തു പോകുന്നു. “മനസ്സൊരു മാന്ത്രിക കുതിരയാണ്.”
ഓർമ്മകൾക്ക് തിരശ്ശീല വീണത് അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് തലോടിയപ്പോഴാണ്. എന്റെ വിറയാർന്ന കൈകളാൽ ഞാൻ അത് മാറ്റാൻ ശ്രമിച്ചു. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല.
മുടിയിഴകളെ വകഞ്ഞു മാറ്റി കൊണ്ട് ഞാൻ അവളോട് ചോദിച്ചു സുഖമാണോ? ദൂരെ കാഴ്ചകൾ കണ്ടിരുന്ന കുട്ടി എന്നപോലെ കാഴ്ചകളിൽ നിന്ന് കണ്ണു പിൻവലിച്ച് അവൾ എന്നെ നോക്കി. ആ നോട്ടത്തിന്റെ ശക്തി എന്റെ തല മെല്ലെ താഴ്ത്തി. അവളുടെ മൗനം വീണ്ടും എന്നെ ആ കണ്ണുകളിലേക്ക് നോക്കിച്ചു. മറുപടിയായി ഒരു പുഞ്ചിരി, കാലങ്ങൾക്ക് പിടികൊടുക്കാതെ അവൾ എനിക്കുവേണ്ടി മാത്രം സൂക്ഷിച്ചുവെച്ച ആ പുഞ്ചിരി എനിക്ക് സമ്മാനിച്ചു. അവളുടെ സങ്കടങ്ങളും പരിഭവങ്ങളും സന്തോഷവും എല്ലാം ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു.
എനിക്ക് ചിരി എന്തോ വരുന്നില്ല. കള്ളച്ചിരി ചിരിക്കാൻ അവളുടെ മുമ്പിൽ എനിക്ക് കഴിയാത്തതാണോ അതോ എന്റെ കുറ്റഭാരത്താൽ ചിരി വരാത്തതാണോ അറിയില്ല. എനിക്ക് പുഞ്ചിരി സമ്മാനിച്ച അവൾ വീണ്ടും അവളുടെ കാഴ്ചകളുടെ സ്വപ്നലോകത്തേക്ക് പോയി.
“ഉള്ളം പിടയുമ്പോഴും ഉള്ളറിഞ്ഞുള്ള നിന്റെ മൗനം അറിയുന്നു ഞാൻ…”
ഞങ്ങളുടെ യാത്രയിൽ മൗനം വീണ്ടും കൂടുകൂട്ടി. മൗനത്തിന്റെ ഭിത്തി ഭേദിച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു.
“എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ നിനക്ക്?”
ആ വിളിയിൽ ഇപ്പോഴും അവൾ എനിക്ക് എല്ലാം ആണെന്ന ധ്വനി ഞാൻ ഒളിപ്പിച്ചുവെച്ചു. കാഴ്ചകൾക്ക് വിട നൽകി അവൾ പറഞ്ഞു: “പറയുന്നില്ലല്ലോ ഒന്നും… വിശേഷങ്ങൾ പറയൂ, കാലങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ… ഒരുമിച്ച് ഒരു യാത്ര ഒരുപക്ഷേ ഇത് അവസാന യാത്രയാകും, വായിച്ചു തീർന്ന പുസ്തകം പോലെ, കാറ്റത്ത് പറന്നുപോകുന്ന ബലൂൺ പോലെ സ്വതന്ത്രരാവണം നമുക്ക് ഭാരങ്ങളെല്ലാം ഈ യാത്രയിൽ ഇറക്കിവെക്കണം…”
ബാല്യത്തിലെ വേനലവധിയിൽ കൂട്ടുകാരോടൊത്ത് കളിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. ചിറകറ്റ് തളർന്നുവീണ പക്ഷിയുടെ അവസ്ഥയിൽ നിന്ന് ഞങ്ങൾ സ്വർണ്ണ ചിറകു വിരിച്ച് പാറാൻ തുടങ്ങി.
വിധിയുടെ തടവറയിൽ ആരുടെയോ വിധിയാൽ തളക്കപ്പെട്ട രണ്ടു പാവകൾ. കാലം ഒന്നിച്ചാൽ സുന്ദരമാകുന്നതിനെയെല്ലാം പിരിച്ചു കളഞ്ഞിട്ടേ ഉള്ളൂ എന്ന് കേട്ടിട്ടുണ്ട്. അതിന് ഞങ്ങളും സാക്ഷികൾ… ജീവിതത്തിന്റെ പാതിവഴിയിൽ അവളെ തനിച്ചാക്കി പോയതിന്റെ കുറ്റബോധം എന്നും എന്നെ വേട്ടയാടിയിരുന്നു. ഇന്ന് അതെല്ലാം മാറി പരിഭവവും പരാതിയും സങ്കടങ്ങളും ഇല്ലാത്ത യാത്ര…
“ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത ഞങ്ങളെ ദൈവം മരണം കൊണ്ട് ഒന്നിപ്പിച്ചു”
——————————————————-
സിധ്യ രാജേഷ് (അമ്മുസ്)



