Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeTimes of Talesപുര മേയുന്നയന്ന്(കവിത)-ലൂയിസ് തോമസ്

പുര മേയുന്നയന്ന്(കവിത)-ലൂയിസ് തോമസ്

പുര മേയുന്നയന്ന് വെളുപ്പിനേ-

യോലയഴിച്ചു പെറുക്കാനായി

അയലത്തു നിന്നാളുകൾ എത്തും.

ഉണങ്ങിപ്പൊടിഞ്ഞയോലക-

ളോരോന്നായി, വലിച്ചെടുക്കുമ്പോൾ

പുരയെന്തിനോ നാണം കൊള്ളും.

അടുപ്പിൻ മുകളിലെ

ഉറിയൊഴിഞ്ഞ് ഊഞ്ഞാലാടും.

കെട്ടുനാരുകൾ ദ്രവിച്ച ഓട്ടയോലകൾ

പുരയുടെ അസ്ഥിവ്യൂഹത്തിൽ നിന്ന്

വേർപ്പെട്ട് താഴേക്കു പറന്നു പതിക്കും.

ഓലയിൽ മിച്ചം ഈർക്കിൽ

മാത്രമായെന്നമ്മൂമ്മ വ്യസനം കൊള്ളും.

ഒളിച്ചു പാർത്തിരുന്ന ചിതലുകൾ

പരിഭ്രാന്തരായി പുറത്തുവരുന്നതും

കാത്ത് തള്ളക്കോഴി മക്കളുമായ്

അമ്മിത്തറക്ക് വലം വെക്കും.

തറയിലെ ചാണക അടരുകളിൽ

കൊത്തി വിളിക്കും.

ചെത്തി തേക്കാത്ത മതിലിലെ

കരിവരകളും കോറലുകളും പ്രത്യക്ഷമാകവേ

കലണ്ടർ ദൈവങ്ങൾ വെയിലേറ്റു ചിരിക്കും.

അടക്കാമരവാരികൾ ഒന്നൊന്നായി,

തലങ്ങു വിലങ്ങു വരകളായി തെളിഞ്ഞു വരും.

മാറാലയിൽ തൂങ്ങി മരണപ്പെട്ട മോഹങ്ങൾ

മുക്തിയില്ലാതെ കരിപിടിച്ചു കിടക്കും.

കാണാതെ പോയെന്നു പേരുദോഷം പേറിയ

ഈരുകോലും പേൻ ചീർപ്പും

വെയിലേറ്റു മിന്നി വെളിപ്പെടും.

പിന്നെ ഗദ്ഗദത്തോടെ പഴങ്കഥകളോർക്കും.

വെയിലിൽ തെളിഞ്ഞ മൺമുറികളോരോന്നിലും

കൗതുകങ്ങൾ കേറിയിറങ്ങും,

കാണാത്തയിടങ്ങൾ തിരയും,

പിന്നെ ചുരുളൻ പായയിൽ കയറിയൊളിക്കും.

പലിശക്കു കടം കൊടുക്കുന്നോന്റെ,

ഗണപതി ചിത്രമുള്ള ചുവന്ന തമിഴ് ശീട്ട് പാതി-

കോളങ്ങൾ ഇനിയുമുണ്ടെന്നു നിരത്തി,

ഇറവാരിക്കുള്ളിൽ നിന്നും എത്തി നോക്കും.

അതുകണ്ട് വീട്ടുകാരി നെടുവീർപ്പീടും,

മനക്കണക്ക് കൂട്ടിക്കിഴിക്കും,

പിന്നാധിയുടെ പഴയോലകൾ പെറുക്കി കൂട്ടും,

പലിശയില്ലാ ലോകം കിനാവു കാണും.

പച്ചയോല ചുവന്ന തീയിൽ വാട്ടിക്കീറി,

കെട്ടുനാരുകളെ രൂപപ്പെടുത്തുമ്പോൾ,

മാവിൻ ചോട്ടിലെയടുപ്പിൽ

കടുംകാപ്പി മണം പരത്തും.

വിളിക്കാതെ കാക്കക്കൂട്ടം വിരുന്നിനായെത്തും.

അടുപ്പൊഴിയും മുന്നേ വടക്കേലെ ചേച്ചി

മരച്ചീനി കൊത്തിപ്പൂളി വട്ടകയിലാക്കും.

ചോറൂറ്റും വട്ട വടിപ്പലകയിൽ

മുളകും ഉപ്പും തിരുമ്മിയൊരുക്കും.

മരച്ചീനിപ്പുഴുക്കിന് ഇനിയെരിവ് കൂട്ടാകും.

കിടപ്പാടം പോയ അരണയും മക്കളും

പിറു പിറുപ്പോടെയപ്പോൾ പടിയോളം പോയി

ദൈന്യതയോടെ തലയുയർത്തി

പുരയെ തിരിഞ്ഞു നോക്കും,

അനാഥമായ പല്ലിമുട്ടകൾ

മാനം നോക്കി കിടന്നു കരയും.

ഉള്ളിലെ വെട്ടം അല്പാല്പം കുറഞ്ഞ്

പുര പുതിയ ഓലപ്പുതപ്പു ചുറ്റും.

പുരമേയുന്നോനോരോ വെളിച്ച-

പ്പൊട്ടും ചേർത്ത് പഴുതടുക്കും.

വീണ്ടും പുരയുള്ളം ഇരുട്ടുടുക്കും.

അയലാളുകൾ മെല്ലെ പിൻവാങ്ങുമ്പോൾ

സന്ധ്യ ചുവപ്പണിഞ്ഞു വരും.

പുരയുടെയുമ്മറത്ത് കുപ്പിവിളക്ക്

അന്തിക്കു മുനിഞ്ഞു കത്തും.

ഇനിയെന്നു മാനം കാണുമെന്നോർത്ത്

പുരയുള്ളം കാത്തിരിക്കും.

——————————————

ലൂയിസ് തോമസ്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala