HomeTimes of Talesകാവിൽ(കവിത)-സംഗീത വി.എസ്

കാവിൽ(കവിത)-സംഗീത വി.എസ്

ന്ധ്യ ത്രിസന്ധ്യയായ് മാറുന്ന നേരം,

കാവിലെ കൽവിളക്കണയുന്ന യാമം,

എരിയുന്ന തിരിയുടെ പുകയുടെ മീതെ,

നീറുന്ന മറ്റൊരു ഗന്ധം പരക്കും.

ഇരുളുന്ന വള്ളിപ്പടർപ്പുകൾക്കുള്ളിൽ,

താമരയില്ലാ കുളത്തിന്നു ചുറ്റും,

കരിയൊഴുകിയൊട്ടും ചരാതിന്നുമരികെ,

അലയടിച്ചൊഴുകി പരക്കുന്ന ഗന്ധം.

നിലാവിൻ്റെ വെട്ടം പതിക്കുന്ന നേരം,

ഉയരമേറുന്നാ മരച്ചില്ലയിൽ നിന്ന്,

പറന്നകലുന്നൊരാ രാക്കിളി പെണ്ണിൻ,

ചിറകിന്നടിയിലോളിപ്പിച്ച ഗന്ധം.

ഗന്ധം സുഗന്ധമായ് പരിണമിക്കുമ്പോൾ,

പാലമരത്തിൻ്റെ ചന്തമൊന്നേറും.

നീരാളിപോലുള്ള വേരുകൾക്കിടയിൽ,

മുത്തുപോൽ പൂവുകൾ ചിതറിക്കിടക്കും.

മേഘത്തിൻ തുണ്ടുകൾ താഴേക്കിറങ്ങവെ,

കുഞ്ഞുപൂമൊട്ടുകൾ കുളിരിൽ മയങ്ങും.

ശിഘരമാ തിങ്കളിൽ വെട്ടം മറക്കും,

നല്ല രാവും കറുത്തവാവായിമാറും.

ഒരു ചെറു കാറ്റിൽ മുളംതണ്ടുമൂളും,

കോടമഞ്ഞങ്ങിങ്ങു പാഞ്ഞുകേറും,

പാലപൂവിൻ സുഗന്ധം പരക്കവെ,

വേഴാമ്പലും ദൂരെ യാത്രയാവും.

ഇന്നലെയെപ്പോഴോ വാടിയമാവില,

ഒരുനേർത്ത കാറ്റിനാലൂർന്നുവീഴും.

മാവിന്നു മാറത്തെ പൂവള്ളിയിൽ നല്ല –

മുല്ലതൻ പൂവുകൾ പുഞ്ചിരിക്കും.

അങ്ങിങ്ങുമാനത്തു തിങ്കളിൻ കൂട്ടായി,

ഒരു നൂറു താരകൾ കണ്ണുചിമ്മും.

താഴെയി കാവിലെ തിരികൾക്ക് പകരമായ്,

പാറുന്നു മിന്നാമിനുങ്ങുകളും.

പിന്നങ്ങ് കാവിൻ്റെ തേക്കിലായ് ചില,

ദേശാടനപ്പക്ഷി വന്നുചേരും.

ചീവീട് കരയുന്ന പൊന്തയൊന്നിൽ,

പാമ്പുകൾ സല്ലാപമായിരിക്കും.

കിഴക്കിലെ പുഴയുടെയൊരത്ത് നിന്നും,

ഒഴുകുന്നു പൂവൻ കൊഴിയുടെ നാദം.

ചിലച്ചിലാ ആരെയോ കളിപറഞ്ഞെത്തും,

മാലപോൽ വാനിൽ പറക്കുന്ന പക്ഷികൾ.

പലവർണ്ണമേറുന്നു വാനിലാകെ പിന്നെ,

കോടമഞ്ഞെവിടെയോ മാഞ്ഞുപോകും.

ഇരുളിൻ്റെ മറ മെല്ലെ വാർന്നുപോകെ,

കാവിൻ, കന്ധങ്ങളങ്ങിങ്ങു മാത്രമാവും.

കുയിലുകൾ പാട്ടിൻ്റെ വീണ മീട്ടും,

ഇളം തെന്നലും കാവിനെ തഴുകിയെത്തും.

ദൂരെയാചെമ്പൊട്ട് മലരുന്നതിന് മുൻപ്-

പുലർകാല ദീപങ്ങളണിനിരക്കും…

———————————–

സംഗീത വി.എസ്

തൃശ്ശൂർ

Clickable Info Box