ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ് മേഖലയിൽ ഉത്ഭവിച്ച ചിക്കൻ ടിക്ക ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. മസാലകളും തൈരും ചേർത്ത് മാരിനേറ്റ് ചെയ്ത എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ തന്തൂരിലോ ഓവനിലോ ചുട്ടെടുക്കുന്ന വിഭവമാണിത്. എന്നാൽ ഇതിന്റെ അഫ്ഗാനി പതിപ്പ് ഇന്ത്യൻ ടിക്കയെ അപേക്ഷിച്ച് എരിവ് കുറഞ്ഞതും എന്നാൽ സ്വാദിൽ മുന്നിലുമാണ് (Afghani Chicken Tikka). ഫ്രഷ് ക്രീമും അണ്ടിപ്പരിപ്പ് പേസ്റ്റും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
- ചിക്കൻ ബ്രെസ്റ്റ് കഷ്ണങ്ങൾ – 4 എണ്ണം
- കട്ടത്തൈര് – ¼ കപ്പ്
- ഫ്രഷ് ക്രീം – 2 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)
- അണ്ടിപ്പരിപ്പ് പേസ്റ്റ് – 2 ടേബിൾ സ്പൂൺ
- കുരുമുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
- ഗരം മസാല പൊടി – ½ ടീസ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
- ഉപ്പ് – പാകത്തിന്
- ഒലിവ് ഓയിൽ/നെയ്യ്/ബട്ടർ – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
- ചിക്കൻ ഒന്നര ഇഞ്ച് വലിപ്പമുള്ള കഷ്ണങ്ങളായി മുറിക്കുക. വെള്ളം ഒപ്പി എടുത്ത ശേഷം ഉപ്പ്, കുരുമുളക്, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ എണ്ണ എന്നിവ ചേർത്ത് അര മണിക്കൂർ വയ്ക്കുക.
- മറ്റൊരു പാത്രത്തിൽ തൈര്, ക്രീം, അല്പം ഉപ്പ്, മല്ലിയില എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചിക്കൻ കഷ്ണങ്ങളിൽ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.
- എയർ ഫ്രയർ 200 ഡിഗ്രിയിൽ 7-10 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക.
- സ്ക്യൂവറിൽ (Skewer) എണ്ണ പുരട്ടിയ ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിൽ കോർക്കുക. കഷ്ണങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കണം.
- എയർ ഫ്രയറിലെ താപം 180 ഡിഗ്രിയായി കുറച്ച് 5 മിനിറ്റ് വേവിക്കുക. അതിനുശേഷം പുറത്തെടുത്ത് അല്പം എണ്ണയും ഡ്രൈ ഫ്രൂട്ട് പേസ്റ്റും പുരട്ടി വീണ്ടും 5 മിനിറ്റ് കൂടി വേവിക്കുക.
എയർ ഫ്രയർ ഇല്ലാത്തവർക്ക് ഓവനിലോ ഗ്യാസ് അടുപ്പിൽ ഗ്രിൽ പാൻ ഉപയോഗിച്ചോ ഇത് തയ്യാറാക്കാവുന്നതാണ്. ചൂടുള്ള ഗ്രീൻ ചട്ണി, ഉള്ളി, നാരങ്ങ എന്നിവയ്‌ക്കൊപ്പം ഇത് വിളമ്പാം. ചപ്പാത്തിയിലോ പിറ്റ ബ്രെഡിലോ റോൾ ചെയ്ത് ഷവർമ പോലെയും ഇത് കഴിക്കാവുന്നതാണ്.

