ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും അത് ഇന്ത്യയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ഇന്ന് സർവകക്ഷി യോഗം ചേരും. ഇന്ന് വൈകിട്ട് 5 മണിക്ക് പാർലമെന്റ് സമുച്ചയത്തിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.(West Asian conflict, Central government calls crucial all-party meeting today )
ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും സംഘർഷം എങ്ങനെ ബാധിക്കുമെന്നത് ഗൗരവമായി ചർച്ച ചെയ്യും. ഇന്ധന-വള മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ യോഗം വിലയിരുത്തും. യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകൾ രാജ്‌നാഥ് സിങ് യോഗത്തെ ബോധ്യപ്പെടുത്തും. ഇന്നലെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഉൾപ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം അവലോകന യോഗം ചേർന്നിരുന്നു.
യുദ്ധത്തിന്റെ മറവിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലുള്ളതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ല. പശ്ചിമേഷ്യയിലെ ദുഷ്കരമായ സാഹചര്യം നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യസഭയിൽ ആവർത്തിച്ചിരുന്നു.

