മീററ്റ്: സഹരൻപൂരിലെ ഋഷികേശിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് (Saharanpur Honour Killing News). വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനൊപ്പം പോയ സഹോദരിയെ രണ്ട് സഹോദരന്മാർ ചേർന്ന് പോലീസ് കാവലിലിരിക്കെ കൊലപ്പെടുത്തുകയായിരുന്നു.
മാർച്ച് 16 മുതൽ കാണാതായ യുവതി തിങ്കളാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും അയാൾക്കൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പോലീസിനെ അറിയിച്ചു.മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകുന്നതിന് മുന്നോടിയായി യുവതിയെ വൈദ്യപരിശോധനയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സഹോദരന്മാരായ മോണ്ടി കുമാറും രവി സിംഗും പോലീസ് വാഹനം തടഞ്ഞു.
സംസാരിക്കാനെന്ന വ്യാജേന വാഹനത്തിന്റെ ജനലിനടുത്തേക്ക് വന്ന ഇവർ കൈയ്യിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ യുവതി മരിച്ചു.
പ്രതികളിൽ ഒരാളെ പോലീസ് ഉടൻ തന്നെ പിടികൂടി. രണ്ടാമത്തെയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി എസ്പി (റൂറൽ) സാഗർ ജെയിൻ അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ യുവാവിന് അനുകൂലമായി മൊഴി നൽകുന്നത് തടയാനാണ് സഹോദരന്മാർ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കാവലിലുള്ള യുവതി കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
News Summary:
In a chilling case of suspected “honour killing,” a 25-year-old woman was shot dead by her brothers while inside a police vehicle in Saharanpur, Uttar Pradesh, on Tuesday night.

