ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ (Sanju Samson) നടത്തിയ വെടിക്കെട്ട് തുടക്കം പാകിസ്ഥാനെതിരായ മത്സരത്തിലും അദ്ദേഹത്തിന് സ്ഥാനം ഉറപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നമീബിയക്കെതിരെ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായെങ്കിലും, മൂന്ന് സിക്സറുകളും ഒരു ഫോറും സഹിതം സഞ്ജു നടത്തിയ പ്രകടനം നായകൻ സൂര്യകുമാർ യാദവിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. പരിക്കിൽ നിന്നും അസുഖത്തിൽ നിന്നും യുവതാരം അഭിഷേക് ശർമ്മ പൂർണ്ണമുക്തനാവാത്ത സാഹചര്യത്തിൽ, വരാനിരിക്കുന്ന ഒന്നോ രണ്ടോ മത്സരങ്ങളിൽ കൂടി സഞ്ജു തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ക്യാപ്റ്റൻ നൽകുന്ന സൂചന.
അഭിഷേകിനെപ്പോലെ തന്നെ പവർപ്ലേ ഓവറുകളിൽ തകർത്തടിക്കാൻ ശേഷിയുള്ള ബാറ്ററാണ് സഞ്ജു എന്നതുകൊണ്ടാണ് മാനേജ്‌മെന്റ് അദ്ദേഹത്തിന് മുൻഗണന നൽകുന്നത്. അതേസമയം, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിൽ സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണെന്നത് ഇന്ത്യയെ മാറി ചിന്തിപ്പിക്കാനും സാധ്യതയുണ്ട്. വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കണമെന്ന നിർദ്ദേശവുമായി മുൻ താരം പാർത്ഥിവ് പട്ടേൽ രംഗത്തെത്തിയിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ സുന്ദറിനെപ്പോലൊരു ഓൾറൗണ്ടർ ഓപ്പണറാവുന്നത് ടീമിന് ഒരു അധിക സ്പിൻ ഓപ്ഷൻ കൂടി നൽകുമെന്നാണ് പാർത്ഥിവിന്റെ വിലയിരുത്തൽ. എങ്കിലും നിലവിലെ ഫോമിൽ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിർത്താനാണ് സാധ്യത കൂടുതൽ.
Summary: Sanju Samson is likely to continue as India’s opener for the high-voltage T20 World Cup clash against Pakistan as Abhishek Sharma is still recovering from illness.



