ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ കേന്ദ്ര സർക്കാരും കോടതിയും തമ്മിൽ ശക്തമായ വാദപ്രതിവാദം. മതാചാരങ്ങളെ അന്ധവിശ്വാസമെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയപ്പോൾ, അതിനുള്ള പാണ്ഡിത്യം കോടതികൾക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.(Sabarimala case, Supreme Court says court can decide on ‘superstition’ in religious practices)
ചില ആചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ നിയമസഭയുടേതാണ് അവസാന വാക്കെന്ന് പറയാനാകില്ല. ആചാരങ്ങൾ പൊതുസമാധാനത്തെയോ നൈതികതയെയോ ബാധിക്കുന്നുണ്ടെങ്കിൽ കോടതിക്ക് ഇടപെടാം. മനുഷ്യബലി പോലുള്ള കാര്യങ്ങൾ മതാചാരത്തിന്റെ പേരിൽ നടന്നാൽ മറ്റ് പരിശോധനകൾ കൂടാതെ തന്നെ കോടതിക്ക് ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് ആർത്തവസമയത്ത് ഇപ്പോഴും ‘തൊട്ടുകൂടായ്മ’ നിലനിൽക്കുന്നുണ്ടെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്. ഒരു മതാചാരത്തെ മാത്രം ‘അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കോടതിക്ക് കഴിയില്ല. മതത്തിന്റെ അനിവാര്യ ഘടകങ്ങൾ എന്താണെന്ന് തീരുമാനിക്കാൻ ആവശ്യമായ പരിജ്ഞാനം കോടതികൾക്കില്ല. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുമതി നൽകിയ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്നും അത് തിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിൽ പ്രത്യേക യോഗ്യതയുള്ളവരെ മാത്രമേ പൂജാരിമാരായി നിയമിക്കാനാകൂ. ആചാരങ്ങൾ നിർവഹിക്കാനും പ്രതിഷ്ഠയെ സ്പർശിക്കാനും പ്രത്യേക പരിജ്ഞാനമുള്ളവരെ മാത്രമേ മതവിഭാഗം അംഗീകരിക്കൂ. ഇതിൽ ഇടപെടാൻ സർക്കാരുകൾക്ക് അധികാരമില്ല. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായോ തൊട്ടുകൂടായ്മയായോ കാണരുത്. വാദത്തിനിടെ മുതിർന്ന അഭിഭാഷകർ തമ്മിൽ വാക്കേറ്റമുണ്ടായി. പുനഃപരിശോധനയെ എതിർക്കുന്നവർക്ക് ആദ്യം വാദിക്കാൻ അവസരം നൽകണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങും ആവശ്യപ്പെട്ടു. കേസിൽ വരുംദിവസങ്ങളിലും വിശദമായ വാദം തുടരും.

