ഋഷികേശിലെ ഗംഗാ നദിയിലെ കുത്തൊഴുക്കിൽ കുടുങ്ങിപ്പോയ നായയെ സാഹസികമായി രക്ഷപ്പെടുത്തുന്ന പ്രാദേശിക റാഫ്റ്റിംഗ് സംഘത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു (Rishikesh Dog Rescue Ganga). നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ലക്ഷ്മൺ ജൂലയ്ക്ക് സമീപമുള്ള ഒരു പാറക്കെട്ടിൽ കുടുങ്ങിപ്പോയ നായയെയാണ് റാഫ്റ്റിംഗ് ഓപ്പറേറ്റർമാരും സംഘവും ചേർന്ന് രക്ഷിച്ചത്. കരയിൽ നിന്നവർ നിസ്സഹായരായി നോക്കിനിൽക്കെയാണ് ജീവൻ പണയപ്പെടുത്തി ഈ സംഘം നായയുടെ രക്ഷകരായി എത്തിയത്.
ശക്തമായ അടിയൊഴുക്കുള്ള 100 അടിയിലധികം ആഴമുള്ള ഭാഗത്താണ് നായ കുടുങ്ങിക്കിടന്നിരുന്നത്. ഇൻഫ്ലേറ്റബിൾ റാഫ്റ്റുമായി നായയ്ക്ക് അടുത്തേക്ക് എത്തിയ സംഘത്തിലെ ഒരാൾ പാറയിലേക്ക് ഇറങ്ങി ഭയന്നുവിറച്ച നായയെ തലോടി ആശ്വസിപ്പിച്ചു. തുടർന്ന് കയറുകൾ ഉപയോഗിച്ച് റാഫ്റ്റ് പാറയോട് കൂടുതൽ അടുപ്പിക്കുകയും നായയെ സുരക്ഷിതമായി അതിലേക്ക് കയറ്റുകയുമായിരുന്നു. പരിക്കുകളൊന്നുമില്ലാതെ നായയെ പിന്നീട് കരയിലെത്തിച്ചു.
‘സേവ് എ സ്ട്രേ നോയിഡ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറംലോകമറിഞ്ഞത്. “മനുഷ്യത്വം ഇന്നും നിലനിൽക്കുന്നുവെന്ന് ഇത്തരം നിമിഷങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ റാഫ്റ്റിംഗ് സംഘത്തിന്റെ ധീരതയെയും കാരുണ്യത്തെയും പ്രശംസിച്ച് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. നായയുടെ ഭയം മാറ്റാൻ ആ യുവാവ് കാണിച്ച സ്നേഹം തന്നെ ഏറെ ആകർഷിച്ചുവെന്ന് പലരും കുറിച്ചു.
View this post on Instagram

