പുനെ: ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയും പാചകവാതക നിരക്കും കുതിച്ചുയരുന്നതിനിടയിൽ, വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി പുനെയിലെ ഒരു ഭക്ഷണശാല. കോത്രൂഡിലെ ‘ബർവെ ദഹിവട’ എന്ന ഹോട്ടലിൽ പതിച്ച നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത് (Pune Eatery LPG Notice). പാചകവാതക വില വർദ്ധനവിന് കാരണം “ഓറഞ്ച് മുടിയുള്ള ഒരു വിഡ്ഢി” ആണെന്നാണ് നോട്ടീസിലെ പരിഹാസം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതാണ് ഈ പരാമർശമെന്ന് വ്യക്തം.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന യുദ്ധവും അനുബന്ധ പ്രതിസന്ധികളും കാരണം അസംസ്കൃത എണ്ണയുടെ വില ഉയർന്നതാണ് പാചകവാതകത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും വില വർദ്ധിക്കാൻ കാരണമെന്ന് ഹോട്ടൽ അധികൃതർ നോട്ടീസിൽ വിശദീകരിക്കുന്നു. “ഓറഞ്ച് മുടിയുള്ള ഒരാൾ തുടങ്ങിയ യുദ്ധം കാരണം വില വർദ്ധിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ദയവായി സഹകരിക്കുക, അല്ലെങ്കിൽ യുദ്ധം നിർത്താൻ സഹായിക്കുക” എന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. മറാത്തിയിലും ഇംഗ്ലീഷിലുമായി എഴുതിയ ഈ കുറിപ്പ് ‘പുനെക്കാരുടെ തനത് നർമ്മം’ എന്നാണ് ഇന്റർനെറ്റിൽ വിശേഷിപ്പിക്കപ്പെടുന്നത്.
ഇറാൻ-ഇസ്രായേൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് ഇന്ത്യയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ 60 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ ഫലമായി ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും വരെ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും നേരിടേണ്ടി വരുന്ന സാമ്പത്തിക ഭാരം നർമ്മത്തിൽ ചാലിച്ച് ഈ ഹോട്ടൽ അവതരിപ്പിച്ചത്.

