ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സൈനിക സംഘർഷം ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നും ഇത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് പ്രധാനമന്ത്രി പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും വിശദീകരിച്ചത്. ഒരു കോടിയിലധികം ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.(PM Modi said that India’s objective is to ensure regional peace through dialogue and discussion)
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ വിവിധ രാജ്യങ്ങളുമായി നിരന്തര സമ്പർക്കത്തിലാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ക്രൂഡ് ഓയിൽ, ഗ്യാസ് നീക്കത്തിന് സുപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു.
നിലവിൽ 41 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ആവശ്യമായ പെട്രോൾ, ഡീസൽ ശേഖരം രാജ്യത്തുണ്ടെന്നും എൽപിജി ഉൽപ്പാദനം വർദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. കപ്പൽ നിർമ്മാണത്തിനായി 70,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണ്. നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ കോവിഡ് കാലത്തിന് സമാനമായ രീതിയിൽ ഏഴ് ഉന്നതാധികാര സമിതികൾക്ക് രൂപം നൽകി.
ഈ പ്രതിസന്ധി ‘ടീം ഇന്ത്യ’യ്ക്ക് ഒരു വലിയ പരീക്ഷണമാണെന്നും എല്ലാവരും ശാന്തതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അതിഥി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും സംസ്ഥാന സർക്കാരുകൾ സഹായം ഉറപ്പാക്കണം. സൗജന്യ ഭക്ഷ്യവിതരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യുഎസ്, ഇറാൻ, ഇസ്രയേൽ, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായി ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. ഇറാനിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥികളടക്കം ആയിരത്തോളം പേരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

