ഖാണ്ഡ്വ: മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ 90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി (Madhya Pradesh 90 Year Old Woman Raped). വ്യാഴാഴ്ച രാത്രി ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുടിലിൽ തനിച്ച് കഴിയുകയായിരുന്ന വയോധികയെ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് ശനിയാഴ്ച അറിയിച്ചു.
മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന മകളോട് വെള്ളിയാഴ്ച രാവിലെ വയോധിക വിവരം പറയുകയായിരുന്നു. തുടർന്ന് മകൾ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ നിർദ്ദേശിച്ചതനുസരിച്ചാണ് പോലീസിൽ പരാതി നൽകിയത്. നിലവിൽ വയോധിക ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ഖാണ്ഡ്വ എസ്.പി മനോജ് റായ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 70 പ്രകാരം കൂട്ടബലാത്സംഗത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അഡീഷണൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

