ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കെ, വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി ഇറക്കുമതി ചെയ്തു. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് റിപ്പോർട്ട് ചെയ്തു. 2019-ൽ പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് ഇന്ത്യ ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി പൂർണ്ണമായും നിർത്തിവെച്ചിരുന്നു.(India imports LPG from Iran after years, Ship headed to China diverted )
ചൈനയിലേക്ക് ചരക്കുമായി പോകേണ്ടിയിരുന്ന ‘ഓറോറ’ എന്ന ഇറാനിയൻ കപ്പൽ ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ കപ്പൽ ഇന്ന് മംഗലാപുരം തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ കമ്പനികൾക്കാണ് ഈ എൽപിജി കൈമാറുക.
ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കടുത്ത വിതരണ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ വർഷം 33.15 ദശലക്ഷം മെട്രിക് ടൺ എൽപിജിയാണ് രാജ്യം ഉപയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ശിവാലിക്, നന്ദാദേവി, പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് ടാങ്കറുകൾ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ടാങ്കറുകൾ സുരക്ഷിതമായി എത്തിക്കാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി.

