ഹൈദരാബാദ്: കുടുംബതർക്കത്തെത്തുടർന്ന് ഹൈദരാബാദിൽ 29-കാരി രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. എസ്. ബാനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Hyderabad Woman Suicide). ഭർത്താവ് ബോഡ പ്രവീൺ മറ്റൊരു വിവാഹം കഴിച്ചതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
13 വർഷം മുൻപായിരുന്നു ശ്രാവന്തിയുടെയും പ്രവീണിന്റെയും വിവാഹം. പ്രവീൺ രണ്ടാമതും വിവാഹിതനായതോടെ ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു. ഇതേത്തുടർന്ന് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയ ശ്രാവന്തിയെ ബന്ധുക്കൾ ഇടപെട്ടാണ് തിങ്കളാഴ്ച രാത്രി തിരികെ ഹൈദരാബാദിലെത്തിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രവീൺ ജോലി കഴിഞ്ഞ് എത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം ശ്രാവന്തി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രവീണിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കുമെന്ന് കുക്കട്പള്ളി ഡിസിപി രീതി രാജ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Summary: A 29-year-old woman in Hyderabad allegedly killed her two sons, aged 12 and 10, before dying by suicide following a domestic dispute over her husband’s second marriage.

