ഹൈദരാബാദ്: വിവാഹമോചനത്തിന് പിന്നാലെ പുനർവിവാഹം കഴിച്ച് ഗർഭിണിയായ മുൻഭാര്യയെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മുൻഭർത്താവ് അതിക്രൂരമായി കുത്തിക്കൊന്നു (Hyderabad Techie Sunita Murder). ഹൈദരാബാദിലെ വനസ്ഥലിപുരത്ത് താമസിക്കുന്ന 29 വയസ്സുകാരി സുനിതയാണ് കൊല്ലപ്പെട്ടത്. മുൻഭർത്താവ് ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിതയുടെ പുനർവിവാഹത്തോടുള്ള വിരോധവും തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് വന്നതിനെത്തുടർന്ന് വിദേശത്തെ ജോലി നഷ്ടപ്പെട്ടതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കുന്നു.
വനസ്ഥലിപുരത്തെ ഗ്രീൻ സിറ്റി കോളനിയിലുള്ള അപ്പാർട്ട്‌മെന്റിൽ വർക്ക് ഫ്രം ഹോം ചെയ്യുകയായിരുന്ന സുനിതയെ ബുധനാഴ്ച ഉച്ചയോടെയാണ് മഹേഷ് ആക്രമിച്ചത്. കയ്യിൽ രണ്ട് കത്തികൾ, ഒരു കുപ്പി പെട്രോൾ, വാൾ, ഡ്രില്ലിംഗ് മെഷീൻ എന്നിവ അടങ്ങിയ ബാഗുമായാണ് ഇയാൾ സുനിതയുടെ മുറിയിലെത്തിയത്. അകത്തുനിന്ന് വാതിലടച്ച ശേഷം നടത്തിയ ക്രൂരമായ ആക്രമണത്തിൽ സുനിതയുടെ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി പരിക്കേറ്റു. വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും സുനിത രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ പോലീസിന് ശുചിമുറിയുടെ വാതിൽ തകർക്കേണ്ടി വന്നു.
സുനിതയും മഹേഷും 2022-ലാണ് വിവാഹിതരായത്. കാനഡയിൽ ഒരുമിച്ച് താമസിക്കവെ ബന്ധം വഷളായതിനെത്തുടർന്ന് 2024-ൽ ഇവർ വിവാഹമോചനം നേടി. സുനിത നൽകിയ ഗാർഹിക പീഡന പരാതിയിൽ മഹേഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിമാനത്താവളത്തിൽ വെച്ച് പോലീസ് പാസ്‌പോർട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതോടെ മഹേഷിന് കാനഡയിലേക്ക് മടങ്ങാൻ കഴിയാതെ ജോലിയും നഷ്ടപ്പെട്ടു. ഇതിനിടെ സുനിത 2025-ൽ മറ്റൊരാളെ വിവാഹം കഴിക്കുകയും ഗർഭിണിയാവുകയും ചെയ്തതറിഞ്ഞ മഹേഷ് സോഷ്യൽ മീഡിയ വഴി വിലാസം കണ്ടെത്തി ഹൈദരാബാദിലെത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.



