ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസംഗത്തോടെ തുടങ്ങിയ തർക്കം, രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറുകയായിരുന്നു.(Government-Opposition war in Lok Sabha )
കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും തേജസ്വി സൂര്യ ചോദ്യം ചെയ്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതിന് മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുന്നേറ്റതോടെ സഭ പ്രക്ഷുബ്ധമായി. മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.
പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷം ബഹളം വെച്ചതോടെ ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ ഇടപെട്ടു. രാഹുലിന്റെ പ്രസംഗത്തെയും ആരോപണങ്ങളെയും ഷാ രൂക്ഷമായി വിമർശിച്ചതോടെ സഭയിൽ മൂന്ന് പ്രമുഖ നേതാക്കളും തമ്മിലുള്ള വാക്പോര് മുറുകി.
സ്പീക്കറുടെ നടപടിക്കെതിരെ കെ.സി. വേണുഗോപാൽ രംഗത്തെത്തി. ചർച്ചാ നിയമങ്ങൾ ഇത്തരത്തിലാണ് നടപ്പിലാക്കുന്നതെങ്കിൽ, നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോഴും സമാനമായ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹളത്തെത്തുടർന്ന് സഭാ നടപടികൾ പലതവണ നിർത്തിവെക്കേണ്ടി വന്നു.

