ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന ആത്മകഥയെച്ചൊല്ലിയുള്ള വിവാദം കനക്കുന്നതിനിടെ വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ രംഗത്തെത്തി (General MM Naravane memoir Four Stars of Destiny). പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും എന്നാൽ ഇത് ഇതുവരെ ഒരു രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. പുസ്തകത്തിന്റെ കരട് പ്രതിയോ ഡിജിറ്റൽ രൂപത്തിലുള്ള പിഡിഎഫ് പകർപ്പുകളോ പ്രചരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസാധകർ അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാർലമെന്റിൽ വലിയ രാഷ്ട്രീയ പോർവിളികൾക്ക് ഈ പുസ്തകം കാരണമായിരുന്നു. 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകൾ ഉദ്ധരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ പുസ്തകം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ അതിലെ ഭാഗങ്ങൾ ഉദ്ധരിക്കാൻ കഴിയില്ലെന്ന് സ്പീക്കറും സർക്കാരും നിലപാടെടുത്തു. ഇതിനെത്തുടർന്നുണ്ടായ ബഹളത്തിൽ കേരളത്തിൽ നിന്നുള്ള ഹിബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവിലേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
പുസ്തകത്തിന്റെ കരട് പ്രതി അനുമതിയില്ലാതെ പ്രചരിക്കുന്നത് സംബന്ധിച്ച് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെ സൈനിക ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധമായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന ചട്ടം നിലനിൽക്കെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നത്. ഈ സാഹചര്യത്തിൽ പുസ്തകത്തിന്റെ പൂർണ്ണരൂപമോ ഭാഗികമായ രൂപമോ ഓൺലൈനിലോ ഓഫ്‌ലൈനായോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് പെൻഗ്വിൻ മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് പുസ്തകത്തിൽ വിമർശനമുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയിൽ വ്യക്തമാക്കി. ഈ പുസ്തകം നിലവിലുണ്ടെന്നും സർക്കാർ സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. നിലവിൽ സ്പെഷ്യൽ സെൽ ഈ വിഷയത്തിൽ അന്വേഷണം തുടരുകയാണ്.
Summary: Penguin Random House India has clarified that General MM Naravane’s memoir, ‘Four Stars of Destiny’, remains unpublished and any circulating copies are unauthorized. The book has sparked a major political storm in Parliament, with Rahul Gandhi attempting to cite its contents on the India-China standoff, leading to the suspension of 8 MPs. Delhi Police have registered an FIR to investigate the alleged leak of the manuscript.



