ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എൽപിജി വിതരണം തടസ്സപ്പെട്ടതോടെ ബദൽ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ. അമേരിക്ക, നോർവേ, കാനഡ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി. ലോകത്തെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനവും ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനാണ് സർക്കാരിന്റെ തീരുമാനം.(Fuel crisis, India steps up efforts to increase imports with alternative sources)
രാജ്യത്തെ 33.3 കോടി ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സിലിണ്ടറുകൾ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകി. ഇതിനായി പ്രത്യേക അധികാരം ഉപയോഗിച്ച് എണ്ണക്കമ്പനികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര റിഫൈനറികളിൽ എൽപിജി ഉല്പാദനം പരമാവധി ഉയർത്താൻ നിർദ്ദേശിച്ചു. വ്യവസായ ആവശ്യങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ച് ആ ഗ്യാസ് ഗാർഹിക ആവശ്യങ്ങൾക്കായി വകമാറ്റും.
സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നത് തടയാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കും. ഗാർഹിക വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ എൽപിജി വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാണിജ്യ ആവശ്യത്തിനുള്ള എൽപിജിയുടെ 20 ശതമാനം മാത്രമേ നിലവിൽ ലഭ്യമാക്കൂ.
പ്രതിസന്ധി മറികടക്കാൻ ഹോട്ടലുകൾക്ക് മണ്ണെണ്ണ, കൽക്കരി, ബയോഗ്യാസ് എന്നിവ ഉപയോഗിക്കാൻ അനുമതി നൽകി. മലിനീകരണ നിയന്ത്രണ ബോർഡുകൾ വഴി ഇതിന് പ്രത്യേക അനുമതി നൽകാൻ പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചു. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം അപകടത്തിലായതാണ് ഇന്ത്യയെ ബാധിച്ചത്.

