ന്യൂഡൽഹി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്.സി.ആർ.എ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ബിൽ ഇന്നത്തെ ചർച്ചാ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.(FCRA Bill will not be introduced in Lok Sabha today, Opposition strongly protests against the Centre)
ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ബിൽ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യവുമായി എം.പിമാർ രംഗത്തെത്തിയതോടെ ബഹളത്തെത്തുടർന്ന് 12 മണി വരെ സഭ നിർത്തിവെച്ചു. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ഭേദഗതിയെന്നും ഇത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും കിരൺ റിജിജു വിശദീകരിച്ചു. “കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്” എന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ ബില്ലെന്ന് കത്തോലിക്കാ മെത്രാൻ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിൽ വിശദമായ പരിശോധനയ്ക്കായി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് ഇവരുടെ ആവശ്യം. ബില്ലിനെതിരെയുള്ള പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എം.പിമാർ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ച് ഡൽഹിയിലെത്തി പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. സഭാ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് എം.പിമാർ കൂട്ടത്തോടെ ഡൽഹിയിലെത്തിയത്. ബിൽ നാളെ പരിഗണിക്കുമോ എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത നൽകിയിട്ടില്ല.

