ഉത്തർപ്രദേശിലെ ശിവക്ഷേത്രത്തിൽ നിസ്കരിച്ച മുസ്ലിം സ്ത്രീയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ഉത്തർപ്രദേശിലെ ഒരു ശിവക്ഷേത്രത്തിൽ നിസ്കരിച്ച മുസ്ലിം സ്ത്രീയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ ബറേലി ജില്ലയിലെ കേസർപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരോട് ക്ഷേത്രത്തിൽ നിസ്കരിക്കാൻ നിർദ്ദേശിച്ച മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നസീറ (38), മകൾ സബീന (19), മൗലവി ചമൻ ഷാ മിയാൻ എന്നിവരെയാണ് ഭൂട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസർപൂർ ഗ്രാമത്തലവന്റെ ഭർത്താവ് പ്രേം സിങ്ങിന്റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ നസീറയും മകളും ക്ഷേത്രപരിസരത്ത് നിസ്കരിക്കുകയാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ഉന്നയിക്കുന്നു. ഗ്രാമവാസികൾ ഇരുവരേയും തടയാൻ ശ്രമിച്ചെങ്കിലും ഇവർ നിസ്കാരം തുടരുകയായിരുന്നുവെന്നാണ് ‘എൻഡിടിവി’ റിപ്പോർട്ട്. ചമൻ ഷായുടെ നിർദേശപ്രകാരമാണ് എത്തിയതെന്നും, ഇവിടെ ഇരുന്ന് നിസ്കരിച്ചാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് മൗലവി പറഞ്ഞിരുന്നതായും ഇവർ ഗ്രാമവാസികളോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.