
കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ (Messi's Kerala Visit). കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും, നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമേ പൊതുപരിപാടികളിലും മെസ്സി പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം , മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
നേരത്തെ , ഖത്തര്‍ ലോകകപ്പില്‍ കിരീടമണിഞ്ഞ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ഈ ക്ഷണം നിരാകരിക്കുകയായിരുന്നു. തുടർന്ന് , ഇക്കാര്യമറിഞ്ഞ സംസ്ഥാന കായികമന്ത്രി വി. അബ്ദുറ്ഹിമാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതമറിയിക്കുകയുമായിരുന്നു.