
കാഴ്ചപരിമിതി നേരിടുന്നവരുടെ മുന്നിലേക്ക് അക്ഷരണങ്ങളുടെ ലോകം തുറക്കപ്പെട്ടത് ബ്രെയിൽ ലിപിയുടെ വരവോടു കൂടിയായിരുന്നു. ലോകത്തിന്റെ നിറങ്ങൾ കാണുവാൻ കഴിയാത്തവർക്കായി ഉൾകാഴ്‌ച്ചയുടെ ലോകം ഒരുക്കികൊടുത്തു ബ്രെയിൽ ലിപി സമ്പ്രദായം (World Braille Day).
ഇന്ന് ജനുവരി 4 ,ലോക ബ്രെയിൽ ലിപി ദിനം. അന്ധതയുടെ ഇരുട്ടിൽ നിന്നും അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് ലോകത്തെ നടത്തിയ ലൂയി ബ്രെയിലി, ബ്രെയിൽ സമ്പ്രദായത്തിൻ്റെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിയുടെ ജന്മവാർഷികത്തിൻ്റെ സ്മരണയ്ക്കായും, കാഴ്ച പരിമിതരുടെ ക്ഷേമത്തിനായി അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതിനാണ് ജനുവരി 4 ലോക ബ്രെയിലി ദിനമായി ആചരിക്കുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാഴ്ചപരിമിതരായ മനുഷ്യർക്ക് ബ്രെയിൽ ലിപി എങ്ങനെ ജീവിതം മികച്ചതാക്കി എന്നതിനെ അഭിനന്ദിക്കേണ്ട സമയമാണിത്. അന്ധത നേരിടുന്ന മനുഷ്യർക്കും സമൂഹത്തിലെ മറ്റെല്ലാവരെയും പോലെ തുല്യമായ അവകാശങ്ങൾ പങ്കിടുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
നാം ഇന്ന് കാണുന്ന ബ്രെയിൽ ലിപി ഒരൊറ്റ ദിവസം കൊണ്ട് രൂപപ്പെട്ടതല്ല മറിച്ച്, ലൂയി ബ്രെയ്‌ലി എന്ന മനുഷ്യന്റെ സ്ഥിരോത്സാഹവും സമർപ്പണ ബോധവുമാണ് കാരണം ഉണ്ടായതാണ്. ഒരൊറ്റ മനുഷ്യനെ കൊണ്ട് ലോകത്തിന്റെ കാഴ്ച്ചപ്പാടിനെ മാറ്റുവാൻ സാധിക്കുമോ? സാധിക്കും, ലൂയിസ് ബ്രെയിലി എന്ന അന്ധനായ മനുഷ്യൻ ലോക ജനതയുടെ കാഴ്ച്ചപ്പാടിനെയും കാഴ്ച്ചയെയും തന്നെ മാറ്റി.
ലോക ബ്രെയിൽ ലിപി ദിനത്തിൻ്റെ ചരിത്രം
1809 ജനുവരി 4 ന് ഫ്രാൻസിലെ കൗപ്വാരയിലായിരുന്നു ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലിയുടെ ജനനം. മൂന്നാം വയസ്സില്‍ അപകടത്തില്‍ ബ്രെയിലിയുടെ കാഴ്ചനഷ്ടപ്പെട്ടു. എന്നാല്‍, പഠിക്കാനുള്ള മോഹം ബ്രെയിലിയെ ഫ്രാന്‍സിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ലൈന്‍ഡ് യൂത്തിലെത്തിച്ചു. എന്നാൽ അന്ധരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ആശയവിനിമയ രീതികളോട് ബ്രെയിലിക്ക് പൊരുത്തപ്പെടുവാൻ സാധിച്ചില്ല. തുടർന്ന് 1824ൽ ബ്രെയിലിക്ക് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അന്ധർക്കുവേണ്ടി ഒരു പുതിയ ആശയവിനിമയ രീതി ആ ബാലൻ സ്വയം കണ്ടുപിടിക്കുകയായിരുന്നു. സൈനികര്‍ക്ക് വെളിച്ചമില്ലാതെ നിര്‍ദേശങ്ങളും രഹസ്യങ്ങളും കൈമാറാന്‍ തയ്യാറാക്കിയ സംവിധാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബ്രെയിലി ലിപി തയ്യാറാകുന്നത്.
ഫ്രഞ്ച് അക്ഷരമാല അനുസരിച്ചായിരുന്നു ലിപി തയ്യാറാക്കിയിരുന്നത്. ഒരു മാട്രിക്സിലെ ആറ് ഡോട്ടുകൾ കട്ടിയുള്ള കടലാസിൽ പതിക്കുന്നത്. ആദ്യകാലങ്ങളിൽ സ്റ്റേറ്റും സ്‌റ്റൈലസും ഉപയോഗിച്ചായിരുന്നു എഴുത്ത്. പിന്നീട് ബ്രെയിലി ഉപകരണങ്ങൾ വന്നു. 1852 ജനുവരി 6-ന് അദ്ദേഹം അന്തരിച്ചു. ലൂയി മരണപ്പെട്ട രണ്ടു വർഷത്തിനു ശേഷമാണ് ഫ്രഞ്ച് ഭരണകൂടം ലൂയി വികസിപ്പിച്ചെടുത്ത അക്ഷരമാല കാഴ്ച്ച പരിമിതരുടെ ഔദ്യോഗിക അക്ഷര മാലയായി അംഗീകരിക്കുന്നത്.
ലൂയിസ് ബ്രെയിലിനെ ആദരിക്കുന്നതിനായി ജനുവരി 4 ലോക ബ്രെയിൽ ദിനമായി ആചരിക്കണമെന്ന് 2018 ൽ ഐക്യരാഷ്ട്രസഭ തീരുമാനിക്കുന്നു. ഇതേ തുടർന്ന് 2019 മുതൽ ജനുവരി 4 ലോക ബ്രെയിലി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തില്‍ അന്ധരുടെ സംഖ്യ 3 കോടി 60 ലക്ഷമാണ്. ഭാഗികാന്ധരുടെ എണ്ണം 21 കോടി 60 ലക്ഷതോളവും.