ആരോഗ്യം ആനന്ദം; വനിതാ കാൻസർ നിയന്ത്രണ പദ്ധതിക്ക് ജില്ലയിൽ ഫെബ്രുവരി 4 ന് തുടക്കം | World Cancer Day 2025

ആരോഗ്യം ആനന്ദം; വനിതാ കാൻസർ നിയന്ത്രണ പദ്ധതിക്ക് ജില്ലയിൽ ഫെബ്രുവരി 4 ന് തുടക്കം | World Cancer Day 2025
Published on

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് കേരള സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം (ടാഗ് ലൈൻ- അകറ്റാം അർബുദം) പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിക്കും. സ്ത്രീകളിൽ കൂടുതലായി കാണുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയുടെ ബോധവൽക്കരണവും സ്ക്രീനിങ്ങും ശക്തിപ്പെടുത്തുന്നതിന് 30 നും 65 ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ നടപ്പിലാക്കുന്നത് (World Cancer Day 2025 ).

കാമ്പയിന്റെ ഔദ്യോഗിക ജില്ലാതല ലോഞ്ചിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് രാവിലെ 9.30 ന് ജില്ലാ കളക്ടറേറ്റ് മുതൽ ജെൻഡർ പാർക്ക് വരെ പിങ്ക് വാക്കത്തോൺ നടത്തും. അന്നേദിവസം തന്നെ ജില്ലിയിലെ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലും പ്രോഗ്രാം ലോഞ്ച് ചെയ്യും. 30 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളെയും സ്ക്രീനിംഗ് നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം.

ഫെബ്രുവരി നാല് മുതൽ മാർച്ച് 8 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിലൂടെ ഓരോ വനിതകളിലേക്കും രോഗലക്ഷണങ്ങൾ, നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള അറിവ് പകരുക, ഫലപ്രദമായ ചികിത്സ ആരോഗ്യമുള്ള ജീവിതം ഉറപ്പാക്കും എന്ന ശുഭാപ്തി വിശ്വാസം ഉറപ്പാക്കുക, അറിവ് നേടി സ്വയം പ്രചോദിതരായ അവരെ സ്ക്രീനിങ്ങിന് വിധേയമാക്കുക, സ്ക്രീനിങ്ങിനും മറ്റു പരിശോധനകൾക്കും ചികിത്സാ നിർദ്ദേശങ്ങൾക്കുമുള്ള സാഹചര്യം പ്രാദേശിക അടിസ്ഥാനത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഉറപ്പാക്കുക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കാമ്പയിനിൽ വിവിധ വകുപ്പുകളുടെയും മെഡിക്കൽ കോളേജിന്റേയും കാൻസർ പരിചരണവുമായി ബന്ധപ്പെട്ട സംഘടനകളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റില്‍ കാൻസർ കെയർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് രക്ഷാധികാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് സജ്ജീകരണങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് വിശദീകരിച്ചു. ആക്ഷൻ പ്ലാൻ ജില്ലാ നോഡൽ ഓഫീസർ ഡോ അനു വർഗീസ് വിശദീകരിച്ചു. ഗവ. ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഡോ. മറിയം വർക്കി, ഓങ്കോളജി വകുപ്പ് മേധാവി ഡോ. മനോജ്, റേഡിയോ ഡയഗ്നോസിസ് മേധാവി ഡോ. സജീവ് ജോർജ് , കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ശോഭ, ജില്ലാതല ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ സംവിധാനത്തിലും സ്വകാര്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയും തുടർപരിശോധനയ്ക്കുള്ള സാഹചര്യവും കാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉറപ്പാക്കും. സംഘടിത, അസംഘടിത മേഖലകളിലുള്ള എല്ലാ വനിതകളെയും പ്രത്യേക പരിഗണന നൽകേണ്ട വനിതകളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിന് സർക്കാർ സംവിധാനത്തിൻ്റെയും സർവീസ് സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനവും സഹകരണവും ഉറപ്പാക്കും.

Related Stories

No stories found.
Times Kerala
timeskerala.com