തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി. യുവതീപ്രവേശനം വേണമെന്ന് നിലപാട് ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയോ മന്ത്രി കെ. രാജനോ എന്തുകൊണ്ട് മറുപടി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.(Why doesn’t the Chief Minister, who apologized when a prominent actor was hurt, apologize for offending customs and traditions, asks KC Venugopal)
പ്രമുഖ നടന് വേദനിച്ചപ്പോൾ മാപ്പുപറഞ്ഞ മുഖ്യമന്ത്രി, ആചാരങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പുപറയാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസികളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാനോ അവർക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകാനോ സർക്കാർ തയ്യാറായിട്ടില്ല.
യുവതീപ്രവേശനം വേണമെന്ന 2007-ലെ വിഎസ് സർക്കാരിന്റെ സത്യവാങ്മൂലം മാറ്റം വരുത്താതെയാണ് പിണറായി സർക്കാരും കോടതിയിൽ നൽകിയത്. ഇപ്പോൾ മതപണ്ഡിതരുടെ അഭിപ്രായം തേടണമെന്നും സുപ്രീംകോടതി തീരുമാനിക്കട്ടെ എന്നും പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രാചാരങ്ങളെ സ്ത്രീസ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും യുവതീപ്രവേശനത്തോട് യോജിപ്പില്ലെന്നുമാണ് കോൺഗ്രസിന്റെ ദൃഢമായ നിലപാട്. ഇതേ നിലപാട് പരസ്യമായി പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
മുഖ്യമന്ത്രിയിൽ നിന്ന് ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന കൃത്യമായ മറുപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾക്ക് പുല്ലുവില നൽകുന്നവരെയും അയ്യപ്പന്റെ സ്വർണ്ണം കവർന്നവരെയും ജനങ്ങളുടെ കോടതി വിചാരണ ചെയ്യുക തന്നെ ചെയ്യുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

