
കോടിക്കണക്കിനു ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസ്സേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് . കമ്പനി ഇടയ്ക്കിടെ പുതിയ അപ്‌ഡേഷനുകൾ അവതരിപ്പിക്കാറുമുണ്ട് . ഇത്തവണ ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ ഫീച്ചര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്‌സ്ആപ്പുകളിലും എത്തിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം , പുതിയ അപ്‌ഡേറ്റിലൂടെ മൂന്ന് തരത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് പ്രധാന പ്രത്യേകത .
നിലവിലെ പോലെ തന്നെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ മെസേജ് അയക്കാന്‍ കഴിയുന്നതാണ് ഒരു രീതി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളില്‍ പുതിയ യൂസര്‍നെയിം ഉപയോഗിച്ച് മെസേജ് ചെയ്യാന്‍ കഴിയുന്നതാണ് മറ്റൊരു രീതി. സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
യൂസര്‍നെയിമിനൊപ്പം പിന്‍ നമ്പര്‍ കൂടി വരുന്നതാണ് മൂന്നാമത്തെ രീതി. യൂസര്‍നെയിമിനൊപ്പം നാലക്ക പിന്‍ നമ്പറും നല്‍കിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് വാട്‌സ്ആപ്പിലേക്ക് മെസേജ് അയയ്ക്കാന്‍ സാധിക്കൂ. ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നത് പോലെ ഇനി നാലക്ക പിന്‍ നമ്പര്‍ കൊടുത്താല്‍ മതി. ആവശ്യത്തിനനുസരിച്ച് ഓണ്‍ ചെയ്യാനും, അല്ലാത്തപ്പോള്‍ ഫീച്ചര്‍ ഓഫ് ചെയ്ത് വെക്കാനുമുള്ള സൗകര്യവുമുണ്ട്.