തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി പെൻഷൻ വിതരണ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് മാസത്തെ പെൻഷൻ ഈ മാസം 25 മുതലും ഏപ്രിൽ മാസത്തേത് മാർച്ച് 31 മുതലും വിതരണം ചെയ്യും. വിഷു ആഘോഷങ്ങൾ കണക്കിലെടുത്താണ് തുക മുൻകൂട്ടി നൽകാൻ സർക്കാർ ഉത്തരവിട്ടത്.(Welfare pension as a Vishu gift, Distribution will begin from March 25)
ഓരോ ഗുണഭോക്താവിനും 2000 രൂപ വീതമാണ് ലഭിക്കുക. 26.62 ലക്ഷം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് അതാത് ബോർഡുകൾ വഴി തന്നെ തുക വിതരണം ചെയ്യും.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ ഇനത്തിൽ വലിയ തുക ചെലവഴിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 51,534 കോടി രൂപ പെൻഷനായി വിതരണം ചെയ്തു. നിലവിൽ പ്രതിമാസം 1050 കോടിയോളം രൂപയാണ് പെൻഷൻ വിതരണത്തിനായി സർക്കാർ മാറ്റിവെക്കുന്നത്.

