

പത്തനംതിട്ട: വെർച്വൽ അറസ്റ്റ് നാടകം വഴി വീട്ടമ്മയുടെ പണം തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം, ബാങ്ക് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ പൊളിഞ്ഞു. തിരുവല്ല മഞ്ഞാടി സ്വദേശിയായ 68 വയസ്സുകാരിയെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്.(Virtual arrest scam, Bank officials foil attempt to fraud woman)
വീട്ടമ്മയെ രണ്ടുദിവസമാണ് തട്ടിപ്പ് സംഘം വീഡിയോ കോൾ വഴി 'വെർച്വൽ അറസ്റ്റിൽ' വെച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് വഴങ്ങി വീട്ടമ്മ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ തീരുമാനിച്ചു.
ഇതിനായി ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിക്കാൻ വീട്ടമ്മ ബാങ്കിൽ എത്തി. എഫ്ഡി പിൻവലിച്ച ശേഷം തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് പണം മാറ്റാൻ നടപടി സ്വീകരിക്കുന്നതിനിടെ, ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നി.
തുടർന്ന് ജീവനക്കാർ വീട്ടമ്മ നൽകിയ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച്, അത് ഒരു തട്ടിപ്പ് സംഘത്തിന്റേതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രത കാരണം, വീട്ടമ്മയുടെ 21 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കാനുള്ള തട്ടിപ്പ് സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു.