പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാനുള്ള തന്റെ തീരുമാനം മാസങ്ങൾക്ക് മുമ്പ് തന്നെ മന്ത്രി സി.പി.എം നേതൃത്വത്തിന് കൈമാറിയതായാണ് വിവരം.(Veena George to stay away from contesting in the Assembly elections)
രണ്ട് ടേം എംഎൽഎ എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും പത്തനംതിട്ട ജില്ലയിലും ആറന്മുള മണ്ഡലത്തിലും വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്നും വീണാ ജോർജ് വിലയിരുത്തുന്നു.
ഇനി രംഗത്തേക്ക് പുതിയ ആളുകൾ കടന്നുവരണമെന്നാണ് മന്ത്രിയുടെ നിലപാട്. പത്തനംതിട്ടയിൽ നിന്ന് തുടർച്ചയായി രണ്ട് തവണ വിജയിച്ച വീണാ ജോർജ് രണ്ടാം പിണറായി സർക്കാരിൽ സുപ്രധാനമായ ആരോഗ്യ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. മന്ത്രി മത്സരിക്കാനില്ലെന്ന വാർത്തകൾ പുറത്തുവരുമ്പോഴും, വീണാ ജോർജ് തന്നെ വീണ്ടും ജനവിധി തേടണമെന്ന നിലപാടിലാണ് സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം.