കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നെട്ടൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി (V.D. Satheesan for CM). മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഗ്രൂപ്പ് വ്യത്യാസമന്യേ പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിനായി തെരുവിലിറങ്ങിയത്. നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ നിന്നായിരുന്നു പ്രകടനം ആരംഭിച്ചത്.
വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള വലിയ ഫ്ലെക്സ് ബോർഡുകളും മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രവർത്തകർ എത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിനെ കൈപിടിച്ചുയർത്തുകയും പട നയിക്കുകയും ചെയ്ത സതീശൻ തന്നെ ഭരണം നയിക്കണമെന്നാണ് ഇവരുടെ ആവശ്യം.
താഴെത്തട്ടിൽ ഇറങ്ങി പണിയെടുത്ത സതീശന് അതിന്റെ കൂലി എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് പ്രവർത്തകർ വാദിക്കുന്നു.തകർന്നുപോകുമായിരുന്ന പാർട്ടിയെ ശക്തമായ നിലപാടുകളിലൂടെ അധികാരത്തിൽ എത്തിച്ചത് വി.ഡി. സതീശന്റെ നേതൃത്വമാണെന്ന് ഇവർ പറയുന്നു. പ്രകടനത്തിൽ യുവാക്കളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. സതീശന് അപ്പുറം മറ്റൊരു പേര് ചർച്ച ചെയ്യേണ്ടതില്ലെന്ന കർക്കശമായ നിലപാടിലാണ് നെട്ടൂരിലെ പ്രവർത്തകർ.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന നേതാക്കളുടെ പേരുകളും ഉയർന്നു കേൾക്കുന്നതിനിടെയാണ് സതീശൻ അനുകൂലികൾ സമ്മർദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ എറണാകുളത്ത് ഇത്തരമൊരു നീക്കം ഹൈക്കമാൻഡ് എങ്ങനെ നോക്കിക്കാണുമെന്നത് വരും മണിക്കൂറുകളിൽ വ്യക്തമാകും.
Story Summary: Congress and Youth Congress workers staged a protest in Nettur, Kochi, demanding that V.D. Satheesan be appointed the next Chief Minister of Kerala. With the slogan “Let the one who led the battle lead the state,” workers argued that Satheesan’s leadership was instrumental in bringing Congress back to power and that he deserves the top post.

