തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജു എം.എൽ.എ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവിന് ശിക്ഷിച്ച കോടതി വിധിക്ക് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആന്റണി രാജു എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ആന്റണി രാജു ഗുരുതരമായ കുറ്റകൃത്യം ചെയ്തുവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇത് വലിയ തെറ്റാണ്. ഇത്തരം ആരോപണ നേരിടുന്ന ഒരാളെ നിയമസഭയിൽ മത്സരിപ്പിക്കാനോ രണ്ടര വർഷം മന്ത്രിയായി കൊണ്ടുനടക്കാനോ പാടില്ലായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.