
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.(VD Satheesan against police )
റിപ്പോർട്ട് അപഹാസ്യമെന്നാണ് സതീശൻ പറഞ്ഞത്. ലോകം മുഴുവൻ കണ്ട കാര്യമാണ് പോലീസുകാർ യൂത്ത് കോണ്‍ഗ്രസുകാരെ മർദിക്കുന്നതെന്നും, ഇപ്പോഴും ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇതൊക്കെയുണ്ടായിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അർഹതയില്ലെന്ന് പ്രതികരിച്ചു.
ഈ അന്വേഷണം അട്ടിമറിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്നാണ് സതീശൻ ആരോപിച്ചത്. മുഖ്യമന്ത്രി പോലീസിനെ അപഹാസ്യരാക്കുന്നുവെന്നും, പൊലീസിലെ ഒരു വിഭാഗം സി പി എമ്മിൻ്റെ അടിമക്കൂട്ടമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.സര്‍ക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടിയുണ്ടാകാത്ത പക്ഷം നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് വി ഡി സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.