കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. ഓഫീസ് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നടപടിയെന്ന് സ്ഥാനാർത്ഥി ആരോപിച്ചു.(V Kunhikrishnan’s election committee office demolished, Complaint of threats)
ഓഫീസ് നിർമ്മാണത്തിനായി സ്ഥലം നൽകിയ ഉടമയെ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായി പരാതിയുയർന്നു. ഓഫീസിന് സ്ഥലം നൽകരുതെന്ന് ചിലർ തന്നോട് ആവശ്യപ്പെട്ടതായി സ്ഥലം ഉടമയും വ്യക്തമാക്കിയിട്ടുണ്ട്.
ഭീഷണിയുണ്ടെന്നും അതിനാൽ ഓഫീസ് അവിടെനിന്ന് മാറ്റിത്തരണമെന്നും ഉടമ ആവശ്യപ്പെട്ടതോടെയാണ് നിർമ്മാണം നിർത്തിവെച്ച് ഓഫീസ് പൊളിച്ചുനീക്കാൻ തീരുമാനിച്ചതെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. തങ്ങൾ കാരണം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് കരുതിയാണ് ഓഫീസ് മാറ്റിയത്. എന്നാൽ ജനാധിപത്യത്തെ പൂർണ്ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് പയ്യന്നൂരിലെ കാര്യങ്ങൾ പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

