ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് വി ഡി സതീശന്‍ |v d satheesan

ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം.
V D satheesan
Published on

തിരുവനന്തപുരം : ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയത് അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നിലെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി ഡി സതീശൻ്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം…

ഷാഫി പറമ്പില്‍ എം.പിക്കെതിരെ സി.പി .എം- ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ നടത്തിയ അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യവിരുദ്ധവും മര്യാദകേടുമാണ്. സി.പി.എമ്മിന്റെ നുണപ്രചരണങ്ങളും വ്യാജസ്‌ക്രീന്‍ ഷോട്ടുകളും തള്ളിക്കളഞ്ഞ വടകരയിലെ ജനങ്ങള്‍ ഉജ്ജ്വല ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാണ് ഷാഫി പറമ്പില്‍.

പിണറായി വിജയന്‍ സര്‍ക്കാരും സി.പി.എമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നില്‍. ഇതിനൊക്കെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അറിയാമെന്നതു മറക്കരുത്. ഷാഫിക്കെതിരെ സി.പി.എം നടത്തുന്ന മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍.ഡി.എഫ് നേതാക്കളും റോഡിലിറങ്ങില്ല.

ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സി.പി.എം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ക്ഷമയും ജനാധിപത്യ ബോധ്യവും ദൗര്‍ബല്യമായി കാണരുത്. ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കും.

'ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച് പോകില്ല. പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ. സമരം ഞാനും ചെയ്തിട്ടുണ്ട്. ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല' എന്നും ഷാഫി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com