പത്തനംതിട്ട: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയമായ തിരഞ്ഞെടുപ്പ് നടപടികൾക്കും ശേഷം കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ കെ.വി. ശ്രീദേവി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.(UDF wins in Kottangal Panchayat)
വോട്ടെടുപ്പിൽ ബിജെപിക്കും യുഡിഎഫിനും അഞ്ച് വോട്ടുകൾ വീതം ലഭിച്ചു. ഇതോടെ വിജയിയെ നിശ്ചയിക്കാൻ വരണാധികാരി നറുക്കെടുപ്പ് നടത്തുകയായിരുന്നു. നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചിരുന്ന എസ്ഡിപിഐ, ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
തങ്ങളുടെ പിന്തുണ വേണ്ടെന്ന യുഡിഎഫ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഈ നീക്കം. എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ടുകൾ ലഭിച്ചു. പഞ്ചായത്തിലെ ഏക എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.