പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി കെ.വി. ശ്രീദേവി രാജിവെച്ചു. ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റിനിർത്താനാണ് യുഡിഎഫിനെ പിന്തുണച്ചതെന്ന എസ്ഡിപിഐ നിലപാട് തള്ളിക്കൊണ്ടാണ് യുഡിഎഫ് നേതൃത്വം രാജി ആവശ്യപ്പെട്ടത്. (UDF refuses to support SDPI, President who won in Kottangal panchayat resigns)
ആകെ 13 അംഗങ്ങളുള്ള കോട്ടാങ്ങൽ പഞ്ചായത്തിൽ നിലവിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യുഡിഎഫ്: 05, ബിജെപി: 05, എസ്ഡിപിഐ: 03, എൽഡിഎഫ്: 01 എന്നിങ്ങനെയാണ് നില.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും അഞ്ചു വോട്ടുകൾ വീതം ലഭിച്ചപ്പോൾ, മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ കെ.വി. ശ്രീദേവി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, എസ്ഡിപിഐ വോട്ടുകൾ സ്വീകരിച്ച് ഭരണം നടത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ട യുഡിഎഫ് നേതൃത്വം ഉടൻ തന്നെ രാജി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.