ഇന്നത്തെ (27/02/2025) മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയാം

cabinet meeting
Published on

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു.

നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകും.

വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ൽ അധികരിക്കാത്തതിനാലും സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അർഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും എന്നതിനാലും പുനരധിവാസത്തിനായി ആദ്യഘടത്തിൽ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃ ക്രമീകരിക്കും.

വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അംഗീകരിച്ചു

വയനാട് മാതൃകാ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എൽസ്റ്റൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പൽ പ്രദേശത്താണ്. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. പന്ത്രണ്ട് വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതുമാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി (Mortgage) വായ്പ എടുക്കുന്നതിൻ്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളുന്നതാണ്.

ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിർദ്ദേശം നൽകും.

ഒരു വീട് നിർമ്മിക്കുന്നതിനുളള സ്പോൺസർഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കും

ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു.

 എസ്പിസി കേഡറ്റുകൾക്ക് വെയിറ്റേജ് അനുവദിക്കും

എസ് എസ് എൽ സി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പി എസ് സി വഴിയുള്ള യുണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും.

ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാല് വർഷം ട്രെയിനിംഗ് പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് 5 ശതമാനം വെയിറ്റേജ് നൽകും. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാലു വർഷം ട്രൈയിനിംഗ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.

ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറിതലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും.

ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാൻ തീരുമാനിച്ചു.

 സ്റ്റാഫ് പാറ്റേൺ അംഗീകരിച്ചു

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളുടെയും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കും ടെക്നിക്കൽ തസ്തികകളിലേക്കുമുള്ള സ്റ്റാഫ് പാറ്റേൺ അംഗീകരിച്ചു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് സ്വന്തമായുള്ള വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവർമാരെ പുനർവിന്യസിക്കും.

 കാലാവധി ദീർഘിപ്പിച്ചു

മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ്റെ കാലാവധി 27.02.2025 മുതൽ മൂന്ന് മാസത്തേക്ക് ദീർഘിപ്പിച്ച് നൽകും.

ഭേദഗതി

സർക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ കെഎംആർഎൽ, കെഎസ്ഐഡിസി, കിൻഫ്ര, വിഐഎസ്എൽ, കെഎസ്ആർടിസി, കെആർഎഫ്ബി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളെ 30 ശതമാനം എസ്റ്റാബ്ലിഷ്മെൻറ് ചാർജ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ ഭേദഗതി വരുത്തും.

വിവിധ സർക്കാർ ഏജൻസികൾ റിക്വയറിങ്ങ് ബോഡിയായി സർക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികൾക്ക് എസ്റ്റാബ്ലിഷ്മെൻറ് കോസ്റ്റ് ഒഴിവാക്കി നൽകും. പൊതുമേഖലാ സ്ഥാപനങ്ങൾക്കു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ സർക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികൾക്ക് ഓരോ കേസും പ്രത്യേകം പരിശോധിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി എസ്റ്റാബ്ലിഷ്മെൻറ് കോസ്റ്റ് പൂർണമായോ ഭാഗികമായോ ഒഴിവാക്കി നൽകും.

നിയമനം

കേരള നിയമ പരിഷ്ക്കരണ കമ്മീഷൻ അംഗമായി ടി ഇന്ദിരയെ നിയമിക്കും. പാലക്കാട് സ്വദേശിയാണ്.

കണ്ണൂർ ജില്ലാ ഗവ.പ്ലീഡർ ആൻറ് പബ്ലിക്ക് പ്രോസിക്യൂട്ടറായി കെ അജിത് കുമാറിന് പുനർനിയമനം നൽകും.

കരട് മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു

സംസ്ഥാനത്തിന്റെ ഉപ്പുവെള്ള/കായൽ, തരിശായി കിടക്കുന്ന ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരട് മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു. സർക്കാർ സ്കൂളുകളിൽ റൂഫ് ടോപ് സോളാർ പാനലൈസേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും അനർട്ടും നടപടി സ്വീകരിക്കണം.

ടെണ്ടർ അംഗീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ "Improvements by Providing BM&BC to Chittalloor Road (Ambalamukku Paruthippara Road) Km. 0/000 to 2/200, NCC Road 0/000 to 1/550" പ്രവൃത്തിയുമായി ബന്ധപ്പെട്ട 3,80,75,563 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ "Karalkada - Poonthura - Improvements to BM and BC to Karalkada - Poonthura Road and Allied Works-General Civil Work" എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 3,75,13,015 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

കൊല്ലം ജില്ലയിലെ GENERAL-RP/2023-24/ Strengthening and upgradation of Paravoor - Kalakkodu,(0/000- 3/660), Maniyamkulam Kuttoor (0/000-1/705), Paravoor-Thoppil landing road (0/000-2/810) എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 4,96,56,489 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

കൊല്ലം ജില്ലയിലെ ചിറയിൽതോടിനു കുറുകെ കൊന്നയിൽ കടവ് പാലം നിർമ്മാണത്തിന്റെ ബാലൻസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട 20,20,66,066 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

ആലപ്പുഴ ജില്ലയിലെ “KIIFB-Improvements to Kaithavana Pazhayanadakkavu-Ambalappuzha Vadakkenada Road in Alappuzha District Balance Work-General Civil Work." എന്ന പ്രവൃത്തിക്ക് 1,94,40,825 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിലെ പട്ടംകുളിച്ചപ്പാറ, മീനാങ്കൽ എന്നീ സഥലങ്ങളെ ബന്ധിപ്പിക്കുന്ന പന്നിക്കുഴി പാലം നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 5,37,80,783 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

കരുമാളൂർ, കുന്നുകര പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതി കിഫ്ബി പ്രവൃത്തിയിൽ ഘട്ടം I - പാക്കേജ് III -ൽ ഉൾപ്പെടുത്തി, യുസി കോളേജിൽ നിലവിലുള്ള OHSR ലേക്കും, കരുമാളൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലിയിലെ നിർദ്ദിഷ്ട OHSR ലേക്കും 250 mm DIK9 ക്ലിയർ വാട്ടർ പമ്പിംഗ് മെയിനിന്റെ വിതരണം, ലെയിംഗ്, ചാർജിംഗ്, കമ്മീഷൻ ചെയ്യൽ, കരുമാളൂർ ഗ്രാമപ്രദേശത്തിലെ മാഞ്ഞാലിയിൽ 10.50 LL ശേഷിയുള്ള OHSR ൻ്റെ നിർമ്മാണം എന്നിവയ്ക്കായുള്ള 13,05,58,773 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

എറണാകുളം ജില്ലയിലെ പച്ചാളം സോണിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി 'Distribution Mains from Pachalam OHSR - Phase 2' എന്ന പ്രവൃത്തി അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നതിന് 15,33,85,676 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com