
ഇന്ന് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം (World AIDS Day). ഈ ദിവസം എയ്ഡ്‌സിൻ്റെ വിനാശകരമായ ആഘാതത്തിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല മറിച്ച് എച്ച്ഐവി രോഗബാധിതരോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനും, രോഗ പ്രതിരോധത്തിൽ നമ്മൾ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ട ദിവസം കൂടിയാണിത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2023ൽ ആഗോളതലത്തിൽ 39.9 ദശലക്ഷം എച്ച്ഐവി ബാധിതരുണ്ട്, ഏകദേശം ആറുലക്ഷത്തോളം പേർ എച്ച്ഐവി സംബന്ധമായ കാരണത്താൽ മരണപ്പെട്ടു. കഴിഞ്ഞ വർഷം പതിമൂന്ന് ലക്ഷം പുതിയ എച്ച്ഐവി കേസുകളാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരുലക്ഷത്തോളം രോഗബാധിതർ കുട്ടികളാണ്. ആശ്വാസകരമെന്നോണം പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച്ഐവി രോഗബാധിതരുടെ എണ്ണത്തിൽ 39% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, എച്ച്ഐവി സംബന്ധമായ മരണങ്ങളിൽ 51% കുറവും. ഇന്ത്യയിൽ 24 ലക്ഷം എച്ച്ഐവി രോഗബാധിതർ ഉള്ളതായി കണക്കാക്കപ്പെടുന്നു.
എച്ച് ഐ വി (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്) ശരീരത്തെ അണുബാധയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു. എച്ച്ഐവി ബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളുമായുള്ള സമ്പർക്കം വഴിയോ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ,അല്ലെങ്കിൽ കുത്തിവയ്പ്പ് മരുന്ന് ഉപകരണങ്ങൾ നിന്നും ഇവ പകരാം. രോഗനിർണ്ണയം നടത്തി ചികിത്സിച്ചില്ലെങ്കിൽ, എച്ച്ഐവി എയ്ഡ്സ് (അക്വയേർഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. എയ്ഡ്സിന് ചികിത്സയില്ല. ഒരിക്കൽ അണുബാധയുണ്ടായാൽ, ശരീരത്തിന് അതിൽ നിന്ന് മുക്തി നേടാനാവില്ല. എന്നിരുന്നാലും ശരിയായ ചികിത്സയിലൂടെ രോഗബാധിതരുടെ ആരോഗ്യസ്ഥിയിൽ ക്രമേണയുള്ള പുരോഗതി കൈവരിക്കുവാൻ സാധിക്കുന്നു. എയ്ഡ്സിനെ അപകടകാരിയാക്കുന്നത് രോഗനിർണയത്തിലെ കാലതാമസമാണ്. രോഗാവസ്ഥ മൂർച്ചിക്കുമ്പോഴാണ് പലരും അവർ രോഗബാധിതരാണ് എന്ന് തിരിച്ചറിയുന്നത്. കൃത്യസമയത്തെ ചികിത്സ രോഗബാധിതരിലെ മരണ നിരക്ക് ഗണ്യമായി കുറയ്ക്കുന്നു.
"ശരിയായ പാത സ്വീകരിക്കുക: എൻ്റെ ആരോഗ്യം, എൻ്റെ അവകാശം, എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എയ്ഡ്‌സ് വ്യാപനം തടയുന്നതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന അസമത്വങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആരോഗ്യത്തിനുള്ള അവകാശത്തിന് വേണ്ടി പോരാടാൻ ഓരോ പൗരന്മാരോടും ആഹ്വാനം ചെയ്യുന്നു. രോഗബാധിതരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്താതെ നമ്മോടു ചേർത്ത് നിർത്തേണ്ടത് വളരെ പ്രധാനമാണ്. അവരെ പാർശ്വവൽക്കരിക്കുന്നതിനേക്കാൾ നമ്മളിൽ ഒന്ന് എന്നതുപോലെ
കണക്കാക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ എയ്ഡ്സ് ദിനവും.