

പത്തനംതിട്ട: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിൽ കടുവയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. എസ്റ്റേറ്റിലെ പ്ലാങ്കാട് മേഖലയിൽ ടാപ്പിങ്ങിനായി എത്തിയ ചെങ്ങറ പാറക്കമണ്ണിൽ ഷാജിയുടെ ഭാര്യ മിനിക്കാണ് പരിക്കേറ്റത്.(Tiger in rubber estate, Female tapping worker injured after falling while trying to escape)
പുലർച്ചെ ദമ്പതികൾ തോട്ടത്തിൽ ജോലി ചെയ്യുമ്പോഴാണ് കടുവ മുന്നിൽപ്പെട്ടത്. ഭയന്നോടിയ മിനി തോട്ടത്തിലെ കുഴിയിൽ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മിനിയുടെ തോളെല്ലിന് പൊട്ടലേറ്റു. ഇവരെ കോന്നി മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ എസ്റ്റേറ്റിന്റെ നാല് വ്യത്യസ്ത ഭാഗങ്ങളിൽ കടുവയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയോട് ചേർന്നുള്ള എസ്റ്റേറ്റിൽ കടുവയെ കണ്ടതോടെ വനംവകുപ്പ് സുരക്ഷാ നടപടികൾ ശക്തമാക്കി. കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ തോട്ടത്തിൽ ക്യാമറകൾ സ്ഥാപിച്ചു.
അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് എസ്റ്റേറ്റിൽ നിരീക്ഷണം നടത്തും. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചാലുടൻ കൂട് സ്ഥാപിക്കുമെന്ന് സ്ഥലം സന്ദർശിച്ച കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. തൊഴിലാളികളും നാട്ടുകാരും അതീവ ജാഗ്രത പാലിക്കണമെന്ന് കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി അറിയിച്ചു.