പത്തനംതിട്ട: കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കടുവ വീണു. കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ആൾമറയില്ലാത്ത, ഏകദേശം 15 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കടുവ കുടുങ്ങിക്കിടക്കുന്നത്.(Tiger falls into well in Pathanamthitta, Forest Department officials reach the spot)
ഇന്ന് രാവിലെ ആറരയോടെ കിണറ്റിൽ നിന്ന് അസാധാരണമായ ശബ്ദവും വെള്ളം തെറിക്കുന്നതും കേട്ടാണ് വീട്ടുടമസ്ഥനായ സജീവൻ അവിടേക്ക് ചെന്നത്. കിണറ്റിലേക്ക് നോക്കിയ സജീവൻ കണ്ടത് വെള്ളത്തിൽ കിടക്കുന്ന കടുവയെയാണ്. ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.
വിവരമറിഞ്ഞ് കോന്നിയിൽ നിന്നുള്ള വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീം (RRT) ഉടൻ സ്ഥലത്തെത്തും. കടുവയ്ക്ക് നല്ല ആരോഗ്യമുണ്ടെന്നും ആൾമറയില്ലാത്ത കിണറായതിനാൽ മയക്കുവെടി വയ്ക്കാതെ അതിനെ പുറത്തെടുക്കുക എന്നത് അതീവ ശ്രമകരമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാഴ്ച മുൻപാണ് വടശ്ശേരിക്കരയ്ക്കടുത്ത് മറ്റൊരു കടുവ വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. ഇതിന് പിന്നാലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടെത്തിയത് വില്ലൂന്നിപ്പാറ നിവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.