തിരുവനന്തപുരം : ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർച്ചയാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേശീയപാതാ നിർമാണത്തിൽ അപാകതകളുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽ പല തവണ കൊണ്ടുവന്നതാണെന്ന് സതീശൻ പറഞ്ഞു.
ആലപ്പുഴയയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിട്ട് അധിക ദിവസമായില്ല. അതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീണു. സർവീസ് റോഡ് ഇടിഞ്ഞു താണു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് ഇവിടെ നിർമാണം നടക്കുന്നത്.
സംസ്ഥാനത്ത് ഉടനീളം ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് ഒരു കാര്യമില്ല. ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം.
തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്.ദേശീയപാത നിർമാണത്തിന്റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ടെന്ന് വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.